വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന; നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് പിഴ ഈടാക്കി

കോഴിക്കോട്: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളില്‍ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച ടീമുകള്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്.

ജില്ല എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ ഓഡിറ്റോറിയങ്ങള്‍, ബേക്കറി സ്ഥാപനങ്ങള്‍, ടെക്സ്റ്റയില്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 13 സ്ഥാപനങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തു. ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് ഇരുപതിനായിരം രൂപ പിഴ ചുമത്തുകയും നോട്ടീസ് നല്‍കുകയും ചെയ്തു. നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ വില്‍പ്പന, ഉറവിട മാലിന്യ സംസ്‌ക്കരണത്തിനും മലിനജല പരിപാലനത്തിനുമുള്ള സംവിധാനങ്ങള്‍ തുടങ്ങിയവ കാര്യങ്ങളാണ് സംഘം പരിശോധിച്ചത്. വരും ദിവസങ്ങളിലും പരിശോധനയും നിരീക്ഷണവും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

പരിശോധനയില്‍ തദ്ദേശസ്ഥാപന വകുപ്പ് ജോയിന്റ് ഡയരക്ടര്‍ ഓഫീസ് ഹെഡ് ക്ലാര്‍ക്ക് എം പി ഷനില്‍ കുമാര്‍, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ എന്‍ ലിനീഷ്, ടി സുനീഷ്, ഇ ഷാജു, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം കെ സുബൈര്‍, സര്‍ക്കിള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി കെ സുബറാം, ശുചിത്വ മിഷന്‍ യങ് പ്രൊഫഷണല്‍ കെ വി സൂര്യ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!