കോഴിക്കോട് റീജിയണല്‍ അനലിറ്റിക്കല്‍ ലബോറട്ടറി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിനായി സജ്ജീകരിച്ച ദേശീയ നിലവാരത്തിലുള്ള മൈക്രോബയോളജി ലാബുകളായ കോഴിക്കോട് റീജിയണല്‍ അനലിറ്റിക്കല്‍ ലബോറട്ടറിയും കാക്കനാട് അനലിറ്റിക്കല്‍ ലബോറട്ടറിയും പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു.

ഓൺലൈനായാണ് പ്രധാനമന്ത്രി ലാബുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

ഭക്ഷ്യ സുരക്ഷാ രംഗത്ത് കേരളം രാജ്യത്തിന് മാതൃകയാണെന്നും രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്താണ് സംസ്ഥാനമെന്നും സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മന്ത്രി. കേന്ദ്രമാനദണ്ഡങ്ങൾ കൃത്യമായാണ് സംസ്ഥാനം പാലിച്ചു വരുന്നത്. രണ്ട് മൈക്രോബയോളജി ഫുഡ് ടെസ്റ്റിംഗ് ലാബുകൾ കേരളത്തിന് ലഭിച്ചതിന് പിന്നിൽ സംസ്ഥാന സർക്കാരിന്റെ വലിയ പരിശ്രമമുണ്ട്. പുതിയതായി ലഭിച്ച ലാബ് സൗകര്യം മികച്ച രീതിയിൽ നമുക്ക് പ്രയോജനപെടുത്താൻ കഴിയുമെന്നും ഈ ലാബുകളെ എൻ.എ.ബി.എൽ നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് റീജിയണൽ അനലിറ്റിക്കൽ ലബോറട്ടറി കോൺഫറൻസ് ഹാളിൽ പ്രാദേശികമായി സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. ഗവ. അനലിസ്റ്റ് ടി അനിൽ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർ കെ സി ശോഭിത, ഡെപ്യൂട്ടി കമ്മീഷണർ പ്രതീപ് കുമാർ വി കെ, ഫുഡ്സേഫ്റ്റി വിഭാഗം അസിസ്റ്റൻ് കമ്മിഷ്ണർ സക്കീർ ഹുസൈൻ, ഏഷ്യൻ സൈൻ്റിഫിക് സിഇഒ സമീർ സുരുവേ , എഫ് എഫ്.എസ്.എസ്.എ.ഐ ടെക്നിക്കൽ അസിസ്റ്റന്റ് ഫൈറൂസ് ജസാക്ക് എന്നിവർ സംസാരിച്ചു. ഭക്ഷ്യസുരക്ഷാ കമ്മീഷണർ ജാഫർ മാലിക് സ്വാഗതവും ജോയിൻറ് കമ്മീഷണർ ജേക്കബ് തോമസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!