പെരുവട്ടൂരിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസിൽ അഭിലാഷ് മാത്രമാണ് പ്രതിയെന്ന് പൊലീസ്



കോഴിക്കോട്: പെരുവട്ടൂരിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസിൽ അഭിലാഷ് മാത്രമാണ് പ്രതിയെന്ന് പൊലീസ്. രാഷ്ട്രീയ വിഷയത്തിൽ നിന്ന് ഉടലെടുത്ത വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. പല വിഷയങ്ങളും പറഞ്ഞ് പരത്തി തന്നെ ഒതുക്കാൻ ശ്രമിച്ചു എന്നാണ് അഭിലാഷ് പൊലീസിനോട് പറഞ്ഞത്. പാർട്ടിക്ക് നിരക്കാത്ത പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിച്ച് അഭിലാഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. എടച്ചേരി സ്റ്റേഷനിൽ എത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
കൊല്ലപ്പെട്ട സത്യനാഥന്റെ ഇൻക്വസ്റ്റ് നടപടികൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം 3 മണിയോടെ കൊയിലാണ്ടി ടൗൺഹാളിൽ പൊതു ദർശനത്തിന് വെയ്ക്കും. 8 മണിക്ക് വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. അതിനിടെ ആക്രമിക്കാൻ ഉപയോഗിച്ച മൂർച്ചയേറിയ ആയുധം കണ്ടെത്താനുള്ള ശ്രമവും പൊലീസ് ആരംഭിച്ചു.
കൊലപാതകത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടി നഗരസഭയിലും ചെങ്ങോട്ട്കാവ്, ചേമഞ്ചേരി, അരിക്കുളം, കീഴരിയൂർ പഞ്ചായത്തുകളിലും സിപിഎം ഹർത്താലാണ്. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. വാഹന ഗതാഗത്തെ ഹർത്താൽ ബാധിച്ചിട്ടില്ല.








