പൂര്‍വ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് നവീകരിച്ച പുറക്കല്‍ പാറക്കാട് ജി എല്‍ പി സ്‌കൂള്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

മൂടാടി: പൂർവ വിദ്യാർത്ഥികൾ ചേർന്ന് നവീകരിച്ച പുറക്കൽ പാറക്കാട് ജി എൽ പി സ്കൂൾ വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥികളും പ്രധാന അധ്യാപകരും ചേർന്ന് പൊതു വിദ്യാലയം നവീകരിക്കുക വഴി സമൂഹത്തിൽ മികച്ച മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്നും മികച്ച അടിസ്ഥാന സൗകര്യ വികസനങ്ങൾ സാധ്യമാക്കിയ അവരെ പ്രത്യേകം അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. നവീകരിച്ച സ്കൂൾ ഹാളിന്റെ ഉദ്ഘാടനവും നിർവഹിച്ച മന്ത്രി പ്രധാന അധ്യാപകൻ എംകെ ചന്ദ്രനെ ആദരിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. കവിയും പ്രഭാഷകനുമായ രമേശ് കാവിൽ മുഖ്യാതിഥിയായി.

അടിസ്ഥാന വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് പുതുതലമുറയ്ക്ക് ഒരു മാതൃകാ വിദ്യാലയം ഒരുക്കുക എന്ന ലക്ഷ്യത്തിൽ രണ്ടര മാസം കൊണ്ട് പത്ത് ലക്ഷത്തോളം രൂപ സ്വരൂപിച്ചാണ് പൂർവ വിദ്യാർത്ഥികൾ വിദ്യാലയം നവീകരിച്ചത്. സ്കൂളിൽ ഒരുക്കിയ ഗാന്ധിജിയുടെ ഛായാ ചിത്ര അനാച്ഛാദനവും മുഖ്യ പ്രഭാഷണവും കെ മുരളീധരൻ എംപി നിർവഹിച്ചു. നവീകരിച്ച ഐ ടി ലാബിന്റെ ഉദ്ഘാടനം മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാറും നവീകരിച്ച ക്ലാസ്സ് റൂം ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചൈത്ര വിജയനും നിർവഹിച്ചു. വാർഡ് മെമ്പറും പൂർവവിദ്യാർഥി സംഘടന ചെയർമാനുമായ പപ്പൻ മൂടാടി നവീകരിച്ച വിദ്യാലയരേഖ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാറിനു കൈമാറി.

ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ താളിക്കാട്ടിൽ,വാർഡ് മെമ്പർ അഡ്വ. ഷഹീർ, എസ് എസ് ജി ചെയർമാനും പൂർവ വിദ്യാർത്ഥി സംഘടന രക്ഷാധികാരിയുമായ ചേനോത്ത് രാജൻ, പി ടി എ പ്രസിഡന്റ് എൻ വി പ്രകാശൻ, പൗര പ്രമുഖർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. പൂർവവിദ്യാർഥി സംഘടന ചെയർമാൻ പപ്പൻ മൂടാടി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ കെഎം കുമാരൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!