മത്സ്യത്തൊഴിലാളിയെ കടലില്‍ അകപ്പെടുമ്പോള്‍ രക്ഷിക്കാന്‍ ചുമതലപ്പെട്ടവര്‍ ഒഴിഞ്ഞുമാറുകയാണെന്ന പരാതി അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു

കോഴിക്കോട് : തീരദേശ പോലീസ് അഡീഷണല്‍ ഡി ജി പിയും തുറമുഖ വകുപ്പു ഡയറക്ടറും 3 ആഴ്ചയ്ക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരിയില്‍ കോഴിക്കോട് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

കോഴിക്കോടിന്റെ തീരങ്ങളില്‍ നിന്നും ദിവസേന കടലിലേക്ക് പോകുന്ന പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന പരിതാപകരമായ അവസ്ഥ പുറത്തു വന്നതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ ഇടപെട്ടത്.

നന്തിവളയില്‍ കടപ്പുറത്ത് നിന്ന് കടലില്‍ പോയി അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ തീരദേശ പോലീസും കോസ്റ്റ് ഗാര്‍ഡും ശ്രമിക്കാത്ത പശ്ചാത്തലത്തിലാണ് കമ്മീഷന്‍ ഇടപെട്ടത്. അബ്ദുറസാഖും തട്ടാന്‍ കണ്ടി അഷ്‌റഫും കടലില്‍ പോയെങ്കിലും അപ്രതീക്ഷിതമിന്നലേറ്റ് രണ്ടുപേരും വള്ളത്തില്‍ നിന്നും തെറിച്ചു വീണു. വള്ളം ഒഴുകി പോയി. അപകടത്തില്‍ അബ്ദുറസാഖ് മരിച്ചു. അഷ്‌റഫ് നീന്തി രക്ഷപ്പെട്ടു. കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചെങ്കിലും രക്ഷാപ്രവര്‍ത്തനത്തിനെത്തിയില്ലെന്നാണ് പരാതി. വടകര തീരദേശ സ്റ്റേഷനിലേക്ക് വിളിച്ചപ്പോള്‍ ബോട്ട് കേടാണെന്നായിരുന്നു മറുപടി. ബേപ്പൂര്‍ തീരദേശ സ്റ്റേഷനില്‍ വിളിച്ചപ്പോള്‍ സംഭവം നടന്നത് തങ്ങളുടെ പരിധിയിലല്ലെന്ന് പറഞ്ഞു. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എത്തിയെങ്കിലും അവരുടെ കയ്യില്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങളുണ്ടായിരുന്നില്ല. തുടടര്‍ന്ന് നാട്ടുകാര്‍ കൊയിലാണ്ടി ദേശീയപാത ഉപരോധിച്ചു. തഹസീല്‍ദാര്‍ ചര്‍ച്ച നടത്തി തിരച്ചില്‍ നടത്താമെന്ന ഉറപ്പിലാണ് സമരം പിന്‍വലിച്ചത്. എന്നിട്ടും മത്സ്യത്തൊഴിലാളികള്‍ തന്നെയാണ് തിരച്ചില്‍ നടത്തി അബ്ദുറസാഖിന്റെ മൃതദേഹം കണ്ടെത്തിയത്.

പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!