ദേശീയ ഗെയിംസില്‍ കളരിപയറ്റില്‍ സ്വര്‍ണ മെഡല്‍ നേടിയ ഷഫിലി ഷഫാത്തിനും പരിശീലകര്‍ക്കും സ്വീകരണം നല്‍കി



കൊയിലാണ്ടി: ഗോവയില്‍ നടന്ന 37ാമത് ദേശീയ ഗെയിംസില്‍ കേരളത്തെ പ്രതിനിധീകരിച്ച് കളരിപ്പയറ്റില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയ ഷഫിലി ഷഫാത്തിനും പരിശീലകരായ കുഞ്ഞി മൂസ ഗുരുക്കള്‍ക്കും അഷറഫ് ഗുരുക്കള്‍ക്കും എസ്. എ. ആര്‍. ബി. ടി. എം ഗവണ്‍മെന്റ് കോളേജിന്റെയും പൗരാവലിയുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കൊയിലാണ്ടി ആനക്കുളം ചിറയുടെ സമീപത്തുനിന്ന് ആരംഭിച്ച റാലി കൊയിലാണ്ടി എസ്.ഐ അനീഷ് ഫ്‌ലാഗ് ഓഫ് ചെയ്തു.
തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികളുടെ ബൈക്ക് റാലിയുടെ അകമ്പടിയോടെ വിവിധ കേന്ദ്രങ്ങളിലെ വ്യാപാരി വ്യവസായികള്‍, ക്ലബ്ബുകള്‍ വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍, യുവജന സംഘടനകള്‍ എന്നിവരുടെ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് കോളേജില്‍ എത്തിച്ചേര്‍ന്നു. ശേഷം നടന്ന പൊതുയോഗം പത്മശ്രീ മീനാക്ഷി അമ്മ ഗുരുക്കള്‍ ഉദ്ഘാടനം ചെയ്തു.
കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സി. വി ഷാജി അധ്യക്ഷത വഹിച്ചു. മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. കെ. ശ്രീകുമാര്‍ മുഖ്യാതിഥിയായിരുന്നു. വൈസ് പ്രിന്‍സിപ്പല്‍ അന്‍വര്‍ സാദത്ത്, കായിക വകുപ്പ് മേധാവി അനീഷ് ബാബു, മറ്റ് വകുപ്പ് മേധാവികള്‍, ഓഫീസ് സൂപ്രണ്ട് ബെന്നി ആയിന്റെ വിട, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അഭിരാമം ആനന്ദ്, ജനറല്‍ ക്യാപ്റ്റന്‍ ടി.പി മിഥുന്‍ എന്നിവര്‍ സംസാരിച്ചു.








