നമിതം – സാഹിത്യ പുരസ്ക്കാരം ചന്ദ്രശേഖരൻ തിക്കോടിക്ക്



കൊയിലാണ്ടി: നമിതം – സാഹിത്യ പുരസ്ക്കാരം ചന്ദ്രശേഖരൻ തിക്കോടിക്ക് – കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മുൻ കാല നേതാക്കളായ സി.ജി.എൻ. ചേമഞ്ചേരി, എ.പി.എസ് കിടാവ് എന്നിവരുടെ സ്മരണക്കായ് കെ. എസ്. എസ്. പി. യു. പന്തലായനി ബ്ലോക്ക് കമ്മിറ്റി ഏർപ്പെടുത്തിയ നമിതം സാഹിത്യ പുരസ്കാര സമർപ്പണം ഏഴാം വർഷത്തിലേക്ക് കടക്കുകയാണ്.
നാടകകൃത്ത്, സംവിധായകൻ, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, ദൂരദർശൻ അവതാരകൻ, വിദ്യാഭ്യാസ, സാംസ്ക്കാരിക പ്രഭാഷകൻ എന്നീ നിലകളിലെല്ലാം പ്രശസ്തനായ ചന്ദ്രശേഖരൻ തിക്കോടിക്കാണ് ഈ വർഷത്തെ പുരസ്ക്കാരം. അദ്ദേഹത്തിന്റെ എഴുത്തിന്റെ അൻപതാം വാർഷിക വേളയിലാണ് പുരസ്കാരസമർപ്പണം നടക്കുന്നത്. പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
2023 നവംബർ അവസാനവാരത്തിൽ പൂക്കാട് എഫ്. എഫ്. ഹാളിൽ നടക്കുന്ന സാംസ്കാരിക സംഗമത്തിൽ വെച്ച് അവാർഡ് സമർപ്പണം നടക്കും. കെ. എസ്. എസ്. പി യു. പന്തലായനി സാംസ്ക്കാരിക സമിതി യോഗത്തിൽ പ്രസിഡണ്ട് എൻ. കെ. കെ. മാരാർ, സെക്രട്ടറി ടി. സുരേന്ദ്രൻ മാസ്റ്റർ, സാംസ്കാരികസമിതി കൺവീനർ ചേനോത്ത് ഭാസ്ക്കരൻ മാസ്റ്റർ, എ. ഹരിദാസൻ, വി. എം. ലീല ടീച്ചർ എന്നിവർ സംസാരിച്ചു.








