മാതൃഭൂമി ഡയറക്ടർ പി വി ഗംഗാധരൻ അന്തരിച്ചു

കോഴിക്കോട്: നിരവധി ഹിറ്റ് സിനിമകളുടെ നിർമാതാവ് പി വി ഗംഗാധരൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് എന്ന പ്രൊഡക്ഷൻ കമ്പനിയിലൂടെ ഒരു വടക്കൻ വീരഗാഥയടക്കം നിരവധി സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച നിർമ്മാതാവാണ് പി വി ഗംഗാധരൻ. മാതൃഭൂമിയുടെ മുഴുവൻ സമയ ഡയറക്ടർ കൂടിയായിരുന്നു അദ്ദേഹം.

ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിച്ച ജനപ്രിയവും കലാമൂല്യവുമുള്ള ചിത്രങ്ങളിലൂടെയാണ് പി.വി.ജി. സിനിമാപ്രേമികള്‍ക്ക് പ്രിയങ്കരനായത്. ദേശീയ, സംസ്ഥാനതലങ്ങളില്‍ ഒട്ടേറെ പുരസ്‌കാരങ്ങള്‍ അദ്ദേഹം നിര്‍മിച്ച ചിത്രങ്ങള്‍ നേടി. 2000ലെ മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം അദ്ദേഹം നിര്‍മിച്ച ‘ശാന്ത’ത്തിനായിരുന്നു. 1997ല്‍ ‘കാണാക്കിനാവ്’ എന്ന ചിത്രത്തിന് മികച്ച ദേശീയോദ്ഗ്രഥനചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. ‘ഒരു വടക്കന്‍ വീരഗാഥ'(1989) ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍'(1999), ‘അച്ചുവിന്റെ അമ്മ'(2005) ‘നോട്ട്ബുക്ക്'(2006) എന്നീ ചിത്രങ്ങള്‍ക്ക് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും ലഭിച്ചു. വിവിധചിത്രങ്ങള്‍ ഫിലിംഫെയര്‍ അവാര്‍ഡുകളും പല തവണയായി സ്വന്തമാക്കി.

പി.വി. സാമി പടുത്തുയര്‍ത്തിയ കെ.ടി.സി. ഗ്രൂപ്പിന്റെ വളര്‍ച്ചയില്‍ പി.വി. ചന്ദ്രനൊപ്പം വലിയ പങ്കുവഹിച്ചിട്ടുണ്ട്. കെ.എസ്.യു.വിലൂടെ വിദ്യാര്‍ഥിരാഷ്ട്രീയത്തിലെത്തിയ പി.വി. ഗംഗാധരന്‍ എ.ഐ.സി.സി. അംഗം വരെയായി. 2011 ല്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!