കുന്ന്യോറ മലയിലെ ബൈപ്പാസ് നിർമ്മാണത്തിലെ അശാസ്ത്രീയത: പ്രോജക്ട് ഡയറക്ടർ റിപ്പോർട്ട് സമർപ്പിക്കണം – മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: കൊയിലാണ്ടി നഗരസഭയിലെ പതിനൊന്നാം വാർഡിൽ കുന്ന്യോറ മലയിൽ ആറുവരി ബൈപ്പാസ് നിർമ്മാണത്തിനായി മല തുരന്നത് കാരണം പ്രദേശം അവകടാവസ്ഥയിലായെന്ന പരാതി അടിയന്തിരമായി പരിശോധിച്ച് പരിഹാരം കാണണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ദേശീയ പാതാ അതോറിറ്റിയൂടേ പാറമ്മൽ യൂണിറ്റിലെ പ്രോജക്ട് ഡയറക്ടർ ഇക്കാര്യം പരിശോധിച്ച് പതിനഞ്ചു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഒക്ടോബർ 31 ന് കോഴിക്കോട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. കൊയിലാണ്ടി നഗരസഭയിലെ പന്തലായ് നോർത്ത് കൗൺസിലർ കെ. എം. സുമതി സമർപ്പിച്ച പരാതിയിലാണ് നടപടി.
റോഡ് നിർമ്മാണം തുടങ്ങിയതോടെ ഇരുവശവും ഇടിഞ്ഞു വീണു. ജീവനും സ്വത്തിനും ഭീഷണിയായി തുടരുന്നു. മല തുരന്നതോടെ പൈപ്പുകൾ പൊട്ടി കുടിവെള്ളം കിട്ടാതായി. 17 ഓളം വീട്ടുകാരെ മാറ്റി താമസിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗികളെ ഒരു കിലോമീറ്റർ ചുമന്ന്റോഡിലെത്തിച്ചാൽ മാത്രമേ ആശുപത്രിയിൽ കൊണ്ടുപോകാനാവൂ. മനുഷ്യ ജീവന് യാതൊരു പരിഗണനയും നൽകാതെയാണ് റോഡ് നിർമ്മിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. ബൈപ്പാസ് നിർമ്മാണം പൂർത്തിയാകുന്നതോടെ കുന്ന്യോറ മല മുറിഞ്ഞ് ഒറ്റപ്പെടുമെന്നും പരാതിയിൽ പറയുന്നു.ഇടിഞ്ഞ കുന്നിൻചെരുവുകളിൽ സംരക്ഷണഭിത്തി നിർമ്മിക്കണമെന്നും ബൈപ്പാസിന്റെ ഇരുവശങ്ങളിലും സർവ്വീസ് റോഡുകൾ നിർമ്മിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.