ആള്‍ക്കൂട്ട നിയന്ത്രണംകോഴിക്കോട് ജില്ലയില്‍, 24 വരെ വലിയ പരിപാടികൾ ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആള്‍ക്കൂട്ട നിയന്ത്രണമേർപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. സെപ്തംബർ 24 വരെ വലിയ പരിപാടികള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി വിളിച്ചു ചേർത്ത അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയിൽ ഇന്നലെയാണ് നിപ വെെറസ് ബാധ സ്ഥിരീകരിക്കുന്നത്. പൂനെയിലേക്ക് അയച്ച 5 സാമ്പിളുകളിൽ 3 സാമ്പിളുകളാണ് പോസിറ്റീവായി സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് ജില്ലയിൽ ജാഗ്രതാ നിർദേശങ്ങളും കണ്ടെയിൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങളും കൊണ്ടുവന്നിരുന്നു. മാസ്ക് ധരിക്കുന്നതും നിർബന്ധമാക്കിയിരുന്നു.
30 ന് മരിച്ച വ്യക്തിയുടെ 9 വയസുള്ള മകൻ വെന്റിലേറ്ററിൽ തുടരുകയാണ്. കുട്ടിക്ക് മോണോക്ലോണൽ ആന്റിബോഡി ആവശ്യമാണെന്നതിനാൽ ഇക്കാര്യം ഐസിഎംആറിനോട് ആവശ്യപ്പെടുകയും മരുന്ന് ഇവിടെ എത്തിക്കുന്നതിനായി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ സംസ്ഥാനതല കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നതോടൊപ്പം തന്നെ മറ്റു ജില്ലകളിലും നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കുകയും പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടുന്നതിനായി ഫോണ്‍ നമ്പറുകളും ലഭ്യമാക്കിയിട്ടുണ്ട്. ഇതുകൂടാതെയാണ് സംസ്ഥാനതല ഏകോപനത്തിനായി സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം ആരംഭിച്ചത്. 0471 2302160 നമ്പരില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6 മണി വരെ വിളിക്കാവുന്നതാണ്. സംശയ നിവാരണത്തിന് ദിശ ടോള്‍ഫ്രീ നമ്പറുകളായ 1056, 104, 0471 2552056 എന്നിവയില്‍ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.