റണ്ണിംഗ് കോൺട്രാക്ട് സംവിധാനം സംസ്ഥാനത്ത് മികച്ച രീതിയിൽ നടപ്പിലാക്കാൻ സാധിച്ചു- മന്ത്രി പി.എ മുഹമ്മദ് റിയാസ്

റോഡുകളുടെ പരിപാലനം ഉറപ്പുവരുത്തുന്നതിന് ആരംഭിച്ച റണ്ണിംഗ് കോൺട്രാക്ട് സംവിധാനം മികച്ച രീതിയിൽ നടപ്പിലാക്കാൻ സാധിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഉള്ളിയേരി – നടുവണ്ണൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൊയമ്പ്രത്തുകണ്ടിക്കടവ് പാലം പ്രവൃത്തിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ 30,000 കിലോമീറ്റർ പൊതുമരാമത്ത് റോഡുകളിൽ 20,000 കിലോമീറ്ററിലധികം റോഡുകളിലും റണ്ണിങ് കോൺട്രാക്ട് സംവിധാനം നടപ്പാക്കിയതായി മന്ത്രി പറഞ്ഞു. ബാലുശേരി മണ്ഡലത്തിൽ 85 കിലോമീറ്റർ റോഡുകൾ ബി.എം ആൻഡ്‌ ബി.സി നിലവാരത്തിലേക്ക് ഉയർത്താൻ സാധിച്ചു. ഇത് സംസ്ഥാന ശരാശരിയേക്കാൾ കൂടുതലാണെന്നും മന്ത്രി പറഞ്ഞു.

മന്ദങ്കാവ് കേരഫെഡ് ജംഗ്‌ഷനിൽ നടന്ന ചടങ്ങിൽ കെ.എം. സച്ചിൻദേവ് എം.എൽ.എ അധ്യക്ഷത വഹിച്ചു. നാല് കോടി രൂപ ചെലവിലാണ് പാലത്തിന്റെ നിർമാണം. ഉള്ളിയേരി – നടുവണ്ണൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം രാമൻ പുഴയ്ക്ക് കുറുകെയാണ് നിർമ്മിക്കുന്നത്.

ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അജിത, നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പി ദാമോദരൻ, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം ബാലരാമൻ, നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം നിഷ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പൊതുമരാമത്ത് പാലങ്ങൾ വിഭാഗം ഉത്തരമേഖല സൂപ്രണ്ടിങ് എഞ്ചിനീയർ പി.കെ രമ സ്വാഗതവും അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷിനി എൻ.വി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!