കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര് മരിച്ചു


കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. മൂന്ന് പേര് മരിച്ചു. കാര്‍ യാത്രക്കാരായ രണ്ടുപേരും പിക്കപ്പ് ഡ്രൈവറും ആണ് മരിച്ചത്. ഈങ്ങാപുഴ സ്വദേശി സുബിക്കി, കൊടുവള്ളി സ്വദേശി നിഹാല്‍, വയനാട് സ്വദേശി ഷമീര്‍ എന്നിവരാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്കായിരുന്നു അപകടം. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. താമരശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അപകടം നടന്ന ഉടനെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയെങ്കിലും വാഹനത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. മൂന്ന് പേര് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.







