പോളിങ് ബൂത്തുകളുടെ പുനക്രമീകരണം: രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

 

 

കൊയിലാണ്ടി: പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആര്‍) ഭാഗമായി പോളിങ് ബൂത്തുകളുടെ പുനക്രമീകരണ നിര്‍ദേശങ്ങള്‍ അവതരിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. ഓരോ പോളിങ് സ്റ്റേഷനിലെയും വോട്ടര്‍മാരുടെ എണ്ണം 1200 ആയി പരിമിതപ്പെടുത്തുകയും ആവശ്യമായ പുതിയ പോളിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുകയും ചെയ്യുമെന്ന് കലക്ടര്‍ അറിയിച്ചു. ഒരു കുടുംബത്തിലെ മുഴുവന്‍ വോട്ടര്‍മാരും ഒരേ ബൂത്തില്‍ ഉള്‍പ്പെടും. വീടിനടുത്തായി പോളിങ് ബൂത്ത് ലഭിക്കാനുള്ള ക്രമീകരണങ്ങളും നടത്തും.

വിതരണം ചെയ്ത എന്യൂമറേഷന്‍ ഫോമുകളില്‍ 75 ശതമാനം ഫോമുകള്‍ തിരികെ വാങ്ങി ബി.എല്‍.ഒമാര്‍ ഡിജിറ്റൈസ് ചെയ്തുകഴിഞ്ഞു. തിരികെ ലഭിച്ച ഫോമുകളുടെ ഡിജിറ്റൈസേഷന്‍ പൂര്‍ത്തിയായ ശേഷം മരണപ്പെട്ടതോ മറ്റു ബൂത്തു പരിധികളില്‍ സ്ഥിരതാമസമാക്കിയതോ ഡ്യൂപ്ലിക്കേറ്റ് വോട്ട് ഉള്ളതോ ആയി കണ്ടെത്തിയ വോട്ടര്‍മാരുടെ പട്ടിക ബി.എല്‍.ഒമാര്‍ ബൂത്ത് ലെവല്‍ ഏജന്റുമാരുടെ യോഗത്തില്‍ അവതരിപ്പിക്കും. എന്യൂമറേഷന്‍ ഫോം തിരികെ നല്‍കിയ എല്ലാ വോട്ടര്‍മാരും ഡിസംബര്‍ ഒമ്പതിന് പ്രസിദ്ധീകരിക്കുന്ന വോട്ടര്‍ പട്ടികയിലുണ്ടാകും. കരട് വോട്ടര്‍ പട്ടികയിലുള്ള അവകാശ-ആക്ഷേപങ്ങള്‍ ഒരു മാസത്തിനകം സമര്‍പ്പിക്കാം. ഏതെങ്കിലും കാരണവശാല്‍ പട്ടികയില്‍ ഉള്‍പ്പെടാതെ പോയ അര്‍ഹരായ വോട്ടര്‍മാരെ ഉള്‍പ്പെടുത്താന്‍ അവസരമൊരുക്കുമെന്നും ജനങ്ങളുടെ സമ്മതിദായകാവകാശം ഉറപ്പ് വരുത്തുമെന്നും കലക്ടര്‍ അറിയിച്ചു.

കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ അസി. കലക്ടര്‍ ഡോ. എസ് മോഹനപ്രിയ, സബ് കലക്ടര്‍ എസ് ഗൗതം രാജ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഗോപിക ഉദയന്‍, ജില്ലയിലെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!