കൊയിലാണ്ടി ഉപജില്ലാ കലോത്സവം നവംബര്‍ 4 മുതല്‍ 7 വരെ തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍


കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ല കലോത്സവം നവംബര്‍ 4 മുതല്‍ 7 വരെ തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുമെന്നും മേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കലോത്സവത്തിന്റെ രജിസ്‌ട്രേഷന്‍ നവംബര്‍ 3 ന് തിങ്കളാഴ്ച്ച രാവിലെ 11 മണി മുതല്‍ കൊയിലാണ്ടി എ ഇ ഒ ഓഫീസില്‍ നടക്കും. 12 വേദികളിലായി എല്‍ പി, യു പി , ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ 6000 ത്തിലധികം പ്രതിഭകള്‍ മാറ്റുരക്കും. നാലു വേദികളിലായി 15,000ത്തിലധികം പേര്‍ക്ക് വിഭവസമൃദ്ധമായ ഭക്ഷണം വിളമ്പും. നവംബര്‍ 4 ന് ഓഫ്‌സ്റ്റേജ് മത്സരമാണ് നടക്കുക.
5 ന് വൈകുന്നേരം ഉദ്ഘാടന സമ്മേളനം നടക്കും കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധാ കിഴക്കേ പാട്ട് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍ അധ്യക്ഷത വഹിക്കും. ജനറല്‍ കണ്‍വീനര്‍ ടി കെ ഷെറീന സ്വാഗതം ആശംസിക്കും. എ ഇ ഒ എംകെ മഞ്ജു മേളയുടെ വിശദീകരണം നടത്തും .
7ന് വൈകുന്നേരം സമാപന സമ്മേളനം വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.എംകെ രാഘവന്‍ എം പി മുഖ്യ അതിഥിയാവും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: പി ഗവാസ് സമ്മാനവിതരണം നടത്തും.മുന്‍മന്ത്രി പി കെ കെ ബാവ സാഹിബ് വിവിധ ഗ്രാമപഞ്ചായത്തുകളുടെ പ്രസിഡണ്ടുമാര്‍ മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ സംസാരിക്കും.
ഈ വര്‍ഷം എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ കൂടുതല്‍ പോയിന്റുകള്‍ നേടുന്ന വിദ്യാലയത്തിന് പുതുതായി ഒരു ഓവറോള്‍ ട്രോഫി കൂടി നല്‍കുന്നുണ്ട്. തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സ്ഥാപക മാനേജര്‍ ടി കെ ഗോവിന്ദന്‍ നായരുടെ ഓര്‍മ്മയ്ക്കായാണ് പുതിയ ട്രോഫി നല്‍കുന്നത് .
വിദ്യാഭ്യാസത്തിന്റെ പരമ ലക്ഷ്യം നേടിയെടുക്കുന്നതിന് സര്‍ഗാത്മക പ്രവര്‍ത്തനങ്ങളുടെ പങ്ക് വളരെ വലുതാണെന്നാണ് മേളകള്‍ നല്‍കുന്ന സന്ദേശം . മാനവികതയുടെയും ജനകീയ സംഘാടനത്തിന്റെയും അരങ്ങായി ഈ കലോത്സവത്തെ മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകസമിതി. മേളയുടെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികള്‍ ഊര്‍ജജസ്വലമായ പ്രവര്‍ത്തനത്തിലാണ്
സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ടി കെ ഷെറീന, സ്‌കൂള്‍ പ്രധാനധ്യാപിക കെ കെ വിജിത, പി ടി എ പ്രസിഡണ്ട് കെ കെ ഫാറൂഖ്, പബ്ലിസിറ്റി കണ്‍വീനര്‍ ഇസ്മയില്‍ കിഴ്‌പ്പോട്ട്, ചെയര്‍മാന്‍ വി ശരീഫ് കാപ്പാട്, എച്ച് എം ഫോറം കണ്‍വീനര്‍ എന്‍ ഡി പ്രജീഷ്, ഗണേശ് കക്കഞ്ചേരി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു










