ഭിന്നശേഷി വിദ്യാര്‍ഥികളുടെ വിസ്മയിപ്പിക്കുന്ന കലാപ്രകടനങ്ങള്‍ക്ക് വേദിയായി ജില്ലാ സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം

 

ഭിന്നശേഷി വിദ്യാര്‍ഥികളുടെ വിസ്മയിപ്പിക്കുന്ന കലാപ്രകടനങ്ങള്‍ക്ക് വേദിയായി ജില്ലാ സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം. കട്ടിപ്പാറ കാരുണ്യതീരം ക്യാമ്പസില്‍ നടന്ന ‘ചിറക്’ കലോത്സവത്തില്‍ ജില്ലയിലെ 22 സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്നുള്ള 246 വിദ്യാര്‍ഥികളാണ് വേദികളില്‍ നിറഞ്ഞാടിയത്. കലോത്സവത്തില്‍ പുറക്കാട് ശാന്തി സദനം സ്കൂൾ ഫോർ ഡിഫറന്റ്ലി ഏബിൾഡ് ചാമ്പ്യന്മാരായി.
കൊയിലാണ്ടി നെസ്റ്റ് സ്പെഷ്യൽ സ്കൂൾ രണ്ടും കുറ്റ്യാടി തണൽ കരുണ മൂന്നും സ്ഥാനം നേടി. വിജയികൾക്കുള്ള സമ്മാനങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി വിതരണം ചെയ്തു.

മോഹിനിയാട്ടം, നാടോടി നൃത്തം, സംഘനൃത്തം, ലളിതഗാനം, സംഘഗാനം, ദേശഭക്തിഗാനം, ചിത്രരചന, പെയിന്റിങ്, ഉപകരണസംഗീതം തുടങ്ങിയ ഇനങ്ങളിലായിരുന്നു മത്സരങ്ങള്‍. മത്സരങ്ങള്‍ക്കൊപ്പം സ്‌പെഷ്യല്‍ സ്‌കൂളുകളിലെ തൊഴില്‍ യൂണിറ്റുകളില്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങളുടെ വിപണന സ്റ്റാളുകള്‍, നാഷണല്‍ ട്രസ്റ്റ് ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങളുടെ ഹെല്‍പ്പ് ഡെസ്‌കുകള്‍ എന്നിവയും കലോത്സവ വേദിയില്‍ ഒരുക്കിയിരുന്നു.

കലോത്സവത്തിന്റെ ഉദ്ഘാടനം അഡ്വ. പി ടി എ റഹീം എംഎല്‍എ നിർവഹിച്ചു. സ്വാഗതസംഘം ചെയര്‍മാനും കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ പ്രേംജി ജെയിംസ് അധ്യക്ഷനായി. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ അരവിന്ദന്‍, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സന്തോഷ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മുഹമ്മദ് മോയത്ത്, ഡിഇഒ സുബൈര്‍, എഇഒ പൗളി മാത്യു, സിനിമാ താരം പ്രദീപ് ബാലന്‍, കോമഡി ഉത്സവം ഫെയിം ഹസീബ് പൂനൂര്‍, ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ. ബഷീര്‍ പൂനൂര്‍, ട്രഷറര്‍ സമദ് പാണ്ടിക്കല്‍, സെക്രട്ടറി ടി എം താലിസ്, കോഴിക്കോട് പരിവാര്‍ സെക്രട്ടറി രാജന്‍ തെക്കയില്‍, പ്രതീക്ഷാ ഭവന്‍ ചെയര്‍മാന്‍ അബ്ദുല്‍ ഹക്കീം തുടങ്ങിയവര്‍ സംസാരിച്ചു. ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി സികെഎ ഷമീര്‍ ബാവ സ്വാഗതവും സിഒഒ ഐ പി മുഹമ്മദ് നവാസ് നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!