നാഷണൽ ആയുഷ് മിഷൻ അവലോകന യോഗം ചേർന്നു
കോഴിക്കോട്: നാഷണൽ ആയുഷ് മിഷൻ അവലോകന യോഗം ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്നു. ആയുഷ് മിഷൻ്റെ കോഴിക്കോട് ജില്ലയിലെ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തുകയും ഇനി നടപ്പാക്കേണ്ട പദ്ധതികളുടെ രൂപരേഖ തയ്യാറാക്കുകയും ചെയ്തു. വിദ്യാർത്ഥികളിൽ ഔഷധസസ്യങ്ങളെ പരിചയപ്പെടുത്തുന്നതിനും അവയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനുമായി ആയുർവിദ്യ പദ്ധതിയുടെ ഭാഗമായി സ്റ്റേറ്റ് മെഡിസിനൽ പ്ലാൻ്റ് ബോർഡുമായി സഹകരിച്ച് കോഴിക്കോട്, ബാലുശേരി, ചേളന്നൂർ, കൊടുവള്ളി ബ്ലോക്കുകളിൽ തെരഞ്ഞെടുത്ത 250 സ്കൂളുകളിൽ ഔഷധസസ്യ തൈകൾ വിതരണം ചെയ്തതായി യോഗത്തിൽ അറിയിച്ചു. വാർധക്യത്തിലെ ആരോഗ്യ-ശാരീരിക-മാനസിക പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിനായി ‘വയോമിത്ര’ പദ്ധതിയും നടപ്പാക്കും.
യോഗത്തിൽ 2024- 25 വർഷത്തെ പ്രവർത്തന റിപ്പോർട്ട് ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനിന പി ത്യാഗരാജ് അവതരിപ്പിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ഡിഎംഒ ഇൻ-ചാർജ് ഡോ. കെ പി യദുനന്ദൻ, ഹോമിയോ ചികിത്സാ വകുപ്പ് ഡിഎംഒ ഇൻ-ചാർജ് ഡോ. പി സി കവിത, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷാജി, വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികൾ, ചീഫ് മെഡിക്കൽ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.