ഫേസ്ബുക് മെസ്സഞ്ചർ പ്ലാറ്റ്‌ഫോമുകൾക്ക് സുരക്ഷ കൂട്ടാനൊരുങ്ങി മെറ്റ


ഫേസ്ബുക് മെസ്സഞ്ചർ പ്ലാറ്റ്‌ഫോമുകൾക്ക് സുരക്ഷ കൂട്ടാനൊരുങ്ങി മെറ്റ. പാസ്‍വേഡുകളെ അപേക്ഷിച്ച് പാസ്‌കീകൾ കൂടുതൽ സുരക്ഷിതമാണ്. പ്ലാറ്റ്ഫോമുകളുടെ അധിക സുരക്ഷ ഉറപ്പാക്കാനായി പാസ്കീ കൊണ്ടുവരാനാണ് കമ്പനിയുടെ തീരുമാനം. പാസ് വേഡിന് പകരമായി ഫിംഗർ പ്രിന്റ് , ഫേഷ്യല്‍ റെക്കഗ്നിഷന്‍ തുടങ്ങിയ ബയോമെട്രിക് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ലോഗിന്‍ ചെയ്യാനായി സഹായിക്കുന്ന ഡിജിറ്റല്‍ വെരിഫിക്കേഷനാണ് പാസ്കീ. ഐ.ഒ.എസ് , ആൻഡ്രോയിഡ് ഫോണുകളിൽ ഫേസ്‌ബുക്കിന് ഉടൻ പാസ്‌കീകൾ ലഭ്യമാകുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
ഫിഷിംഗ് , ഹാക്കിങ് തുടങ്ങിയ സൈബർ ക്രൈമുകൾ തടയാനും പാസ്‌കീകൾ കൊണ്ടു സാധിക്കും. മറ്റുള്ളവർക്ക് അക്കൗണ്ടുകൾ ആക്സസ് ചെയ്യാനോ , വ്യാജ ഐഡികൾ ഉപയോഗിച്ച് ലോഗിൻ ചെയ്യാനോ കഴിയില്ല. പാസ്കീ ഡാറ്റകൾ ഉപകരണത്തിൽ തന്നെയാകും സൂക്ഷിക്കുക. ഗൂഗിളിനും പാസ്കീ സേവനം ലഭ്യമാക്കിയിട്ടുണ്ട്. മെറ്റാ പേ ഉപയോഗിച്ച് പേയ്‌മെന്റ് വിവരങ്ങൾ ഓട്ടോഫിൽ ചെയ്യാനും , മെസഞ്ചറിൽ ലോഗിൻ ചെയ്യാനും, മെസ്സേജുകൾ ബാക്കപ്പ് ചെയ്ത് സുരക്ഷിതമാക്കാനും പാസ്‌കീ ഉപയോഗിക്കാം.
മെറ്റയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പിൽ കഴിഞ്ഞ വർഷം പാസ്‌കീ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ മറ്റ് രണ്ട് പ്ലാറ്റ്‌ഫോമുകളിലും എത്തി. എന്നാൽ ഇൻസ്റ്റഗ്രാമിൽ ഇതുവരെ കമ്പനി പാസ്‌കീ കൊണ്ടുവന്നിട്ടില്ല.










