പന്നിക്കെണിയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർഥിയായ അനന്തു മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ജില്ലാ പൊലീസ് മേധാവിക്കും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്കും നോട്ടീസയച്ചു. ഇരുവരും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. കെ.എസ്.ഇ.ബി. ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി സമർപ്പിച്ചത്. ജൂലൈയിൽ തിരൂർ പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി
അനന്തുവിൻറെ മരണത്തിന് കാരണമായ പന്നിക്കെണി വെച്ച വിനീഷിനെതിരെ മനപ്പൂർവ്വമായ നരഹത്യ വരുന്ന വകുപ്പാണ് ചുമത്തിരിക്കുന്നത്. പൊലീസിന്റെ ചോദ്യംചെയ്യലിൽ പ്രതി എല്ലാം സമ്മതിച്ചു. പന്നിക്കെണി വെച്ച ശേഷം വീടിനു സമീപം ഒളിച്ചിരിക്കുകയായിരുന്നു.പിന്നീട് ആംബുലൻസിന്റെയും ആളുകളുടെയും ബഹളം കേട്ടപ്പോൾ എന്തോ സംഭവിച്ചു എന്ന് മനസ്സിലാക്കി ഫോൺ ഓഫാക്കി. എന്നാൽ പൊലീസ് പിന്തുടർന്ന് പിടികൂടി. ഒരു പ്രതി മാത്രമാണ് കേസിൽ ഉള്ളത്. വൈദ്യുതി ലൈനിൽ നിന്ന് കമ്പിവലിച്ചായിരുന്നു വിനീഷ് കെണി വെച്ചിരുന്നത്.
വൈദ്യുതി ആഘാതമേറ്റാണ് അനന്തുവിന്റെ മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശരീരത്തിൽ പൊള്ളലേറ്റ മുറിവുകളുണ്ട്. ശനിയാഴ്ച രാത്രിയാണ് മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് അനന്തുവിന്റെ മരണം. സംഭവത്തിന് പിന്നാലെ വലിയ രാഷ്ട്രീയ വിവാദങ്ങളാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ ഉണ്ടായത്.