ബെംഗളൂരുവിൽ വിക്ടറി പരേഡിനിടെ തിക്കും തിരക്കും; മരണസംഖ്യ ഉയരുന്നു

ഐപിഎൽ വിജയിച്ച   റോയൽ ചലഞ്ചേഴ്സ് ടീം ബെംഗളൂരുവിലെത്തി. ആർസിബിയുടെ വിക്ടറി പരേഡിനിടെ  ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 11 പേരുടെ മരണം സ്ഥിരീകരിച്ചു. ഇതിൽ ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടെയുള്ളവരുണ്ട്.

അമ്പതിലധികം ആളുകൾക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ ബൗറിംഗ് ആശുപത്രിയിലും ലേഡി കഴ്സൺ ആശുപത്രിയിലും മണിപ്പാൽ ആശുപത്രിയിലും ഉൾപ്പെടെ പ്രവേശിപ്പിച്ചിട്ടുണ്ട്. മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കൂടുതൽ ആളുകളെ ആശുപത്രികളിലേയ്ക്ക് എത്തിക്കുന്നുണ്ട്. തിക്കും തിരക്കും കാരണം ആംബുലൻസുകൾക്ക് അപകട സ്ഥലത്തേയ്ക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ട് നേരിടുന്നത് രക്ഷാപ്രവര്‍ത്തനങ്ങൾക്ക് വെല്ലുവിളിയാകുന്നുണ്ട്.

ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ബെംഗളൂരുവിൽ ഉണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമുകളിലൊന്നാണ് ആര്‍സിബി. അത്തരത്തിലൊരു ടീമിന്റെ വിക്ടറി പരേഡ് നടത്താൻ ആവശ്യമായ ക്രമീകരണങ്ങളൊന്നും തന്നെ ബെംഗളൂരുവിൽ ഏര്‍പ്പെടുത്തിയിരുന്നില്ല. 5000 പൊലീസുകാരെ മാത്രമാണ് തിരക്ക് നിയന്ത്രിക്കാൻ വിന്യസിച്ചിരുന്നത് എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ വിമാനത്താവളത്തിൽ കോലി അടക്കമുള്ള ടീമിനെ സ്വീകരിച്ചിരുന്നു.  ഔദ്യോഗിക വാഹനത്തിൽ പതാകയുമേന്തിയാണ് ടീമിനെ സ്വീകരിക്കാനായി ഡി കെ ശിവകുമാർ എത്തിയത്. സ്റ്റേഡിയത്തിന് മുന്നിൽ ജനസാഗരമാണ് ചാമ്പ്യൻ ടീമിനെ കാത്തുനിന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!