വേടന്റെ അറസ്റ്റിനിടയാക്കിയതും തുടര്‍ന്നുണ്ടായ സംഭവങ്ങളും ഏറെ ദൗര്‍ഭാഗ്യകരമാണെന്ന് വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍

വേടന്റെ അറസ്റ്റിനിടയാക്കിയതും തുടര്‍ന്നുണ്ടായ സംഭവങ്ങളും ഏറെ ദൗര്‍ഭാഗ്യകരമാണെന്ന് വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍. രാഷ്ട്രീയബോധമുള്ള ഒരു യുവതയുടെ പ്രതിനിധി എന്ന നിലയില്‍ ഏറെ പ്രതീക്ഷയുള്ള കലാകാരനാണ് വേടന്‍. അതുകൊണ്ടുതന്നെ അറസ്റ്റിനിടയാക്കിയ സാഹചര്യങ്ങള്‍ തിരുത്തി അയാള്‍ തിരിച്ചുവരേണ്ടതുണ്ട്. അതിനായി സാമൂഹികവും സാംസ്‌കാരികവുമായ പിന്തുണയുമായി വനം വകുപ്പും വേടന്റെ ഒപ്പമുണ്ടാകും. അതോടൊപ്പം ഇക്കാര്യത്തില്‍ നിയമപരമായ ചില പ്രശ്നങ്ങള്‍ കൂടിയുണ്ട്. അത് അതിന്റേതായ മാര്‍ഗങ്ങളില്‍ നീങ്ങട്ടെ. വേടന്റെ ശക്തിയാര്‍ന്ന മടങ്ങിവരവിന് ആശംസകൾ നേരുന്നുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

വേടന്റെ അറസ്റ്റില്‍ വനം വകുപ്പിന്റെ നടപടികളുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ നിര്‍ഭാഗ്യകരമാണ്. ഈ വിഷയം തികച്ചും സമചിത്തതയോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒന്നാണ്. ഈ വിഷയത്തില്‍ ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍ വനംമന്ത്രി എന്ന നിലയില്‍ എന്നോട് ചില മാധ്യമങ്ങള്‍ ചോദിച്ചതില്‍ നിയമവശങ്ങള്‍ ഞാന്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ സാധാരണ കേസുകളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ എന്തോ വനം വകുപ്പും വനംമന്ത്രിയും ഈ കേസില്‍ ചെയ്യുന്നു എന്ന നിലയില്‍ ചില മാധ്യമങ്ങളും സാമുഹ്യമാധ്യമങ്ങളും വാര്‍ത്തകള്‍ സൃഷ്ടിച്ചു. വനം വകുപ്പിനും സര്‍ക്കാരിനുമെതിരെ ഈ പ്രശ്നം ഏതു വിധത്തില്‍ തിരിച്ചുവിടാമെന്ന് ചില ഭാഗത്ത് നിന്നും ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നതാണ് വസ്തുത മന്ത്രി പറഞ്ഞു.

സാധാരണ കേസുകളില്‍ നിന്നും വ്യത്യസ്തമായി ഈ കേസുകള്‍ സംബന്ധിച്ച് അകാരണമായ ആശങ്ക സൃഷ്ടിക്കും വിധം ചില ദൃശ്യമാധ്യമങ്ങളോട് ബന്ധപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരണം നടത്തിയത് അംഗീകരിക്കത്തക്കതല്ല. സര്‍ക്കാരിന്റെ അനുമതി കൂടാതെ ഇത്തരത്തില്‍ പരസ്യപ്രതികരണങ്ങള്‍ നടത്തുന്നത് സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ഇപ്രകാരം അപൂര്‍വ്വമായ ഒരു സംഭവം എന്ന നിലയില്‍ ഈ കേസിനെ പെരുപ്പിച്ചു കാണിക്കാനിടയാക്കിയ കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോട് വിശദീകരണം ആരായാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പുലിപ്പല്ല് കൈവശം വെച്ചന്ന കേസിൽ വേടന് ജാമ്യം ലഭിച്ചു. വനം വകുപ്പ് ജാമ്യത്തെ എതിർത്തെങ്കിലും കർശന ഉപാധികളോടെ പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് ജാമ്യം അനുവദിച്ചത്. അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്നും തെറ്റ്
തിരുത്തുമെന്നും വേടൻ പ്രതികരിച്ചു.

ജാമ്യം നൽകിയാൽ വേടൻ വിദേശത്തേക്ക് കടക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് ജാമ്യാപേക്ഷ തള്ളണം എന്നായിരുന്നു വനംവകുപ്പിന്റെ വാദം. ആരാധകൻ സമ്മാനമായി നൽകിയ വസ്തുവാണ് തന്റെ പക്കൽ ഉള്ളത്. പുലിപ്പല്ലാണെന്നറിഞ്ഞിരുന്നെങ്കിൽ ഉപയോഗിക്കില്ലായിരുന്നു എന്ന് വേടൻ കോടതിയിൽ പറഞ്ഞു. ശാസ്ത്രീയമായ തെളിവിന്റെ അഭാവവും ജാമ്യത്തിന് അനുകൂലമായി.

മൃഗവേട്ട അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്ന് പ്രതിഭാഗം പറഞ്ഞെങ്കിലും കോടതി തള്ളി. കേരളം വിട്ട് പുറത്തു പോകരുത്. ഏഴുദിവസത്തിനുള്ളിൽ പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം.
എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. വേടന് തൃശ്ശൂരിലെ ജ്വല്ലറിയിലും വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് വേടന്റെ ഫ്ലാറ്റിൽ നിന്ന് പൊലീസ് കഞ്ചാവ് പിടികൂടിയത്. ഇതിന് പിന്നാലെയാണ് വേടന്റെ മാലയ്‌ക്കെതിരെ വനം വകുപ്പ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!