എ സി ഷൺമുഖദാസ് സ്മാരക ആശുപത്രി അന്താരാഷ്ട്ര നിലവാരത്തിലേക്കുയരും, രണ്ട് കോടിയുടെ വിശദമായ മാസ്റ്റർ പ്ലാൻ സമർപ്പിക്കും

പുറക്കാട്ടിരി എ സി ഷൺമുഖദാസ് മെമ്മോറിയൽ ആയുർവേദ ചൈൽഡ് ആന്റ് അഡോളസെന്റ് കെയർ സെന്ററിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള പദ്ധതികൾ ആരംഭത്തിലേക്ക്. ആദ്യ പടിയായി രണ്ട് കോടി രൂപയുടെ വിശദമായ മാസ്റ്റർപ്ലാൻ തയ്യാറാക്കി നൽകാൻ മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ വെള്ളിയാഴ്ച ചേർന്ന യോഗത്തിൽ തീരുമാനമായി.
പഠന, പെരുമാറ്റ, വളർച്ച വൈകല്യമുള്ള കുട്ടികളെയും കൗമാരക്കാരെയും ചികിത്സിക്കുന്ന ആശുപത്രിയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ ജില്ലാപഞ്ചായത്ത് നേരത്തേ തയ്യാറാക്കിയ 40 കോടി രൂപയുടെ മാസ്റ്റർപ്ലാൻ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുണ്ട്. ഇക്കാര്യത്തിലും വിശദമായ ഇടപെടൽ നടത്തുമെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ ബജറ്റിലാണ് രണ്ടു കോടി രൂപ ആശുപത്രിവികസനത്തിനായി സർക്കാർ അനുവദിച്ചത്. നേരത്തേ ആസ്തി വികസന ഫണ്ടിൽനിന്ന് ഒന്നരക്കോടി രൂപ ചെലവഴിച്ച് ആശുപത്രി കവാടവും റോഡും നിർമിച്ചിരുന്നു.
യോഗത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ നിഷ പുത്തൻപുരക്കൽ, കെ വി റീന, ജില്ലാ പഞ്ചായത്ത് അംഗം റസിയ തോട്ടായി, ആയുർവേദ ഡിഎംഒ ഡോ കെ സുനിൽ, ഡിപിഎം അനീന ത്യാഗരാജ്, ആശുപത്രി സൂപ്രണ്ട് മേരി സെബാസ്റ്റ്യൻ, സിഎം ഒ ഡോ. യദുനന്ദൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.





