സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം. പ്രതിനിധി സമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ എ.കെ. ബാലന്‍ പ്രതിനിധി സമ്മേളന പതാക ഉയര്‍ത്തി


കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം. പ്രതിനിധി സമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ (സി.കേശവന്‍ സ്മാരക മുനിസിപ്പല്‍ ടൗണ്‍ ഹാള്‍) കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലന്‍ പ്രതിനിധി സമ്മേളന പതാക ഉയര്‍ത്തി. പൊളിറ്റ്ബ്യൂറോ അംഗവും പാര്‍ട്ടി കോ ഓര്‍ഡിനേറ്ററുമായ പ്രകാശ് കാരട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ സിപിഎം ഘടകം കരുത്തുറ്റതാണെന്നും രാജ്യത്തെ ഏക ഇടതുഭരണമായ പിണറായി സര്‍ക്കാര്‍ മാതൃകാപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നയം രൂപീകരിക്കുന്നതും നടപ്പാക്കുന്നതും കേരളത്തില്‍ നിന്നാണെന്നും ബദല്‍ നയരൂപീകരണത്തില്‍ പിണറായിയും കേരളത്തിലെ ഇടത് സര്‍ക്കാരും പ്രശംസ അര്‍ഹിക്കുന്നെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു.
ഉദ്ഘാടന സമ്മേളനത്തിനു ശേഷം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ‘ നവകേരളത്തിനുള്ള പാര്‍ട്ടി കാഴ്ചപ്പാട്’ എന്ന രേഖ അവതരിപ്പിക്കും. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ ഇന്നു രാത്രി പ്രതിനിധികളുടെ ഗ്രൂപ്പ് ചര്‍ച്ച നടക്കും. നാളെയും മറ്റന്നാളും റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച നടക്കും. 9നു പുതിയ സംസ്ഥാന കമ്മിറ്റിയെയും സംസ്ഥാന സെക്രട്ടറിയെയും തിരഞ്ഞെടുക്കും.






