കുടുംബശ്രീ ദേശീയ സരസ് മേള കോഴിക്കോട്ട്, 2001 അംഗ സംഘാടകസമിതിയായി

കോഴിക്കോട്: കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഏപ്രില്‍ അവസാനം കോഴിക്കോട്ട് നടക്കുന്ന ദേശീയ സരസ്‌മേള വിജയിപ്പിക്കുന്നതിനായി 2001 അംഗ സംഘാടകസമിതി രൂപീകരിച്ചു. നളന്ദ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന രൂപീകരണയോഗം പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കോഴിക്കോടിന്റെ ആതിഥ്യ മര്യാദയും സംസ്‌കാരവും രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലെത്തിക്കാന്‍ സരസ്‌മേള സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലും പുറത്തുമുള്ള ആയിരത്തിലേറെ സംരംഭകര്‍ക്ക് വരുമാനമുറപ്പാക്കാനും ഇതിലൂടെ കഴിയും. സാഹിത്യനഗരമായ കോഴിക്കോടിന് മേള പുത്തന്‍ അനുഭവമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സരസ്‌മേളയ്ക്ക് ഇതാദ്യമായാണ് കോഴിക്കോട് ആതിഥ്യം വഹിക്കുന്നത്. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മേളയില്‍ 250-ലധികം സ്റ്റാളുകള്‍ സജ്ജീകരിക്കും. ഇതര സംസ്ഥാനങ്ങളിലെ രുചിവൈവിധ്യം വിളമ്പുന്ന ഫുഡ്‌കോര്‍ട്ട്, കലാ – സാംസ്‌കാരിക രംഗത്തെ പ്രഗത്ഭര്‍ പങ്കെടുക്കുന്ന മെഗാ ഇവന്റുകള്‍, വിവിധ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകള്‍ എന്നിവ സരസ്‌മേളയ്ക്ക് കൊഴുപ്പേകും. എല്ലാ ദിവസവും കലാപാരിപാടികള്‍ അരങ്ങേറും.
സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡണ്ട് പി. ജി. ജോര്‍ജ്ജ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ്, കുടുംബശ്രീ ഗവേണിംഗ് ബോഡി എക്‌സിക്യൂട്ടീവ് അംഗവും മുന്‍ എം.എല്‍.എ-യുമായ കെ. കെ. ലതിക, കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.സി. കവിത എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ എച്ച്. ദിനേശന്‍ സ്വാഗതവും അഴിയൂര്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു ജയ്‌സണ്‍ നന്ദിയും പറഞ്ഞു.

201 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയെയും 2001 അംഗ സംഘാടകസമിതിയെയും യോഗം തെരഞ്ഞെടുത്തു. മന്ത്രിമാരായ എം.ബി രാജേഷ്, എ.കെ. ശശീന്ദ്രന്‍, മേയര്‍ ഡോ. ബീന ഫിലിപ്പ്, എം. പിമാരായ എം.കെ. രാഘവന്‍, ഷാഫി പറമ്പില്‍, പ്രിയങ്ക ഗാന്ധി, കുടുംബശ്രീ ഗവേണിംഗ് ബോഡി എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ. കെ. ലതിക, പി.കെ. സൈനബ എന്നിവര്‍ രക്ഷാധികാരികളും മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് ചെയര്‍മാനും ജില്ലാ കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് ജനറല്‍ കണ്‍വീനറും കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.സി. കവിത വര്‍ക്കിംഗ് കണ്‍വീനറുമായാണ് സംഘാടക സമിതി രൂപീകരിച്ചത്. വിവിധ സബ് കമ്മിറ്റികള്‍ക്കും യോഗം രൂപം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!