കേരളത്തിൻ്റെ മതനിരപേക്ഷത രാജ്യത്തിനാകെ മാതൃക: മന്ത്രി വി അബ്ദുറഹിമാൻ

കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത്: 5.46 കോടി രൂപയുടെ കുടിശ്ശിക തീര്‍പ്പാക്കി

കേരളത്തിൻ്റെ ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളിൽ ഊന്നിയുള്ള സമീപനങ്ങൾ രാജ്യത്തിനാകെ മാതൃകയെന്ന് ന്യൂനപക്ഷക്ഷേമ, ഹജ്ജ്, കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ കോഴിക്കോട് സംഘടിപ്പിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ന്യൂനപക്ഷ വിഭാഗങ്ങളുടെ വികസനം ലക്ഷ്യമാക്കി നിരവധി പരിപാടികളാണ് സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കി വരുന്നത്. ന്യൂനപക്ഷ വിഭാഗങ്ങൾക് ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

സർക്കാർ അധീനതയിലുള്ള ധനകാര്യ സ്ഥാപനങ്ങൾ കൂടുതൽ സുതാര്യമാവുകയാണ്. ജീവിത സാഹചര്യങ്ങൾ കൊണ്ട് വിവിധ വായ്പ സംവിധാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നവർക്ക് പരമാവധി ആനുകൂല്യങ്ങൾ നൽകി തിരിച്ചടവ് അനായാസമാക്കാനാണ് കോർപ്പറേഷനും സർക്കാരും ശ്രമിക്കുന്നത്. സ്വയം പര്യാപ്തത ഉറപ്പ് വരുത്തുന്നതിന് സ്വയം തൊഴിൽ സംരംഭങ്ങളും സാമൂഹ്യവും വിദ്യാഭ്യാസപരവുമായ നിരവധി പദ്ധതികളും കോർപ്പറേഷന് കീഴിൽ രൂപീകരിച്ചിട്ടുണ്ട്. വിവിധ കാരണങ്ങൾ കൊണ്ട് സമൂഹത്തിൽ പിന്നോക്കം പോകുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സുരക്ഷയും പിന്തുണയും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിന്നും വായ്പയെടുത്ത് കുടിശ്ശിക വരുത്തിയ വായ്പക്കാരിൽ നിന്നും ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്തിലൂടെ 5.46 കോടി രൂപയുടെ കുടിശ്ശിക തീര്‍പ്പാക്കിയതായും, ഇളവുകളായി 62.48 ലക്ഷം രൂപയും അനുവദിച്ചതായും ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയർമാൻ ഡോ. സ്റ്റീഫൻ ജോർജ്ജ് അറിയിച്ചു. വായ്പയെടുത്ത് കുടിശ്ശിക വരുത്തിയ മുഴുവന്‍ ഇളവുകളോടെ വായ്പ തീര്‍പ്പാക്കാനുള്ള അവസരമാണ് അദാലത്തില്‍ ഒരുക്കിയത്. അദാലത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന അപേക്ഷകള്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്നതിന് സര്‍ക്കാറിലേക്ക് സമർപ്പിക്കും. സ്വയം തൊഴില്‍, വിദ്യാഭ്യാസ, ഭവന, കാര്‍ഷിക വായ്പകളാണ് അദാലത്തില്‍ പരിഗണിച്ചത്. 226 ഗുണഭോക്താക്കള്‍ പങ്കെടുത്തു.

ചടങ്ങിൽ കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ മാനേജിങ് ഡയറക്ടര്‍ സി അബ്ദുള്‍ മുജീബ്, ജനറല്‍ മാനേജര്‍ ബി ജയചന്ദ്രന്‍ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!