അടക്ക പറിക്കുന്നതിനിടയില്‍ കവുങ്ങില്‍ തല കീഴായി കുടുങ്ങിയ വയോധികനെ രക്ഷപ്പെടുത്തി
പേരാമ്പ്ര: ചങ്ങരോത്ത് തോട്ടത്തിലെ കവുങ്ങില്‍ മെഷീന്‍ ഉപയോഗിച്ച് അടയ്ക്ക പറക്കുന്നതിനിടയില്‍ മെഷീനില്‍ കാല്‍ കുടുങ്ങി തല താഴേക്ക് മറിഞ്ഞ് തൂങ്ങിക്കിടന്ന അമ്മദ് ഹാജിയെ ഒരു മണിക്കൂര്‍ നേരത്തെ ശ്രമകരമായ പ്രവര്‍ത്തനത്തിലൂടെ പേരാമ്പ്ര അഗ്‌നി രക്ഷാ സേനാംഗങ്ങള്‍ സാഹസികമായി രക്ഷപ്പെടുത്തി.
കവുങ്ങില്‍ കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കയറി പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിനാല്‍ സമീപത്തെ ഒരു കവുങ്ങിനെ കൂട്ടി കെട്ടി അതില്‍ ലാഡര്‍ സെറ്റ് ചെയ്ത ശേഷം സമീപത്തെ തേക്ക്, മാവ് എന്നീ മരങ്ങളില്‍ രക്ഷാനെറ്റിന്റെ കയര്‍ കപ്പികളില്‍ സെറ്റ് ചെയ്താണ് സേന അമ്മദ് ഹാജിയെ താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചു.
അഗ്‌നി രക്ഷാ സേനയുടെ വളണ്ടിയര്‍ പരിശീലനം ലഭിച്ച കെ. ഡി. റിജേഷ്, നാട്ടുകാരായ മുനീര്‍ മലയില്‍ ,റിയാസ് നാഗത്ത് എന്നിവര്‍ സേന വരുന്നത് വരെ ഇയാളെ കവുങ്ങിനോട് ചേര്‍ത്ത് കെട്ടി സംരക്ഷിച്ചത് രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമായി.
പേരാമ്പ്ര അഗ്‌നി രക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാരായ എം. പ്രദീപന്‍, പി. സി. പ്രേമന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍മാരായ കെ. ശ്രീകാന്ത്, ജി. ബി. സനല്‍രാജ്, വി. വിനീത്, പി. പി. രജീഷ് എന്നിവര്‍ വ്യത്യസ്ത മരങ്ങളില്‍ കയറി രക്ഷാപ്രവര്‍ത്തനം നടത്തുകയും, ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍മാരായ ആര്‍. ജിനേഷ്, എസ്. എസ്. ഹൃതിന്‍, ഹോം ഗാര്‍ഡ് മാരായ വി. കെ. ബാബു, പി. മുരളീധരന്‍,വി. എന്‍. വിജേഷ് എന്നിവര്‍ രക്ഷാ ദൗത്യത്തില്‍ പങ്കാളികളായും പ്രവര്‍ത്തിച്ചു. നാട്ടുകാരുടെ അകമഴിഞ്ഞ സഹായങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ ഉണ്ടായി.