ബജറ്റില്‍ കേരളത്തിന് വിഹിതം അനുവദിക്കാത്തതിനെ പരിഹസിച്ച കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെതിരെ പ്രതിഷേധം ശക്തം
ബജറ്റില്‍ കേരളത്തിന് വിഹിതം അനുവദിക്കാത്തതിനെ പരിഹസിച്ച കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെതിരെ പ്രതിഷേധം ശക്തം. കേരളത്തെ ദരിദ്രമാക്കണമെന്നാണ് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ ആഗ്രഹിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. ബിജെപി കേരള വിരുദ്ധ പാര്‍ട്ടിയായി മാറിയെന്ന് ഇപി ജയരാജന്‍ പറഞ്ഞു. കേരളത്തെ അപമാനിച്ച കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ മാപ്പ് പറയണമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.
കേരളം പിടിക്കാനുള്ള ഒരുപാട് ശ്രമങ്ങള്‍ നടത്തിയിട്ടും നടക്കാത്തത് കൊണ്ട് കേരളത്തെ പൂര്‍ണമായും ദരിദ്രമാക്കുക എന്ന നിലപാടാണ് കേന്ദ്ര മന്ത്രിമാരും കേന്ദ്ര ഗവണ്‍മെന്റ് ആകെയും ചെയ്തുകൊണ്ടിരിക്കുന്നതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ജോര്‍ജ് കുര്യന്റെ പ്രസ്താവന ആ തരത്തില്‍ കണ്ടാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. കേരളവിരുദ്ധ നിലപാടാണ് ബി ജെ പി സ്വീകരിക്കുന്നത്. കേരളത്തിലെ ബിജെപി നേതാക്കള്‍ക്കും കേരള വിരുദ്ധ നിലപാട്. ഒരു തരത്തിലും കേരളത്തെ മുന്നോട്ട് പോകാന്‍ അനുവദിക്കില്ല എന്നാണ് നിലപാട്. ഒരു ദരിദ്ര കേരളമായി മാറണമെന്നാണ് ബിജെപി ലക്ഷ്യം. ബിജെപി നേതാക്കളെ കേരളത്തിലെ ജനങ്ങള്‍ വിലയിരുത്തുന്നുണ്ട് – അദ്ദേഹം വ്യക്തമാക്കി.





