കല്ലാനോട് മത്സ്യ വിത്തുല്പാദന കേന്ദ്രത്തിലെ ഗിഫ്റ്റ് തിലാപ്പിയ ഹാച്ചറി നിർമ്മാണം ത്വരിതപ്പെടുത്താൻ തീരുമാനം
19.81 കോടിയുടെ പദ്ധതി ഉത്തരകേരളത്തിലെ മൊത്തം മത്സ്യകർഷകർക്ക് പ്രയോജനം ലഭിക്കുന്നത്
നബാർഡ് ഗ്രാമീണ അടിസ്ഥാനസൗകര്യ വികസന ഫണ്ടിൽ (ആർഐഡിഎഫ്) ഉൾപ്പെടുത്തി നിർമിക്കുന്ന, സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിലുള്ള കല്ലാനോട്ടെ മത്സ്യ വിത്തുല്പാദന കേന്ദ്രത്തിലെ ഗിഫ്റ്റ് (ജെനിറ്റിക്കലി ഇമ്പ്രൂവ്ഡ് ഫാർമ്ഡ്) തിലാപ്പിയ ഹാച്ചറിയുടെ പ്രവൃത്തി ത്വരിതപ്പെടുത്താൻ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. കല്ലാനോട് മത്സ്യ വിത്തുല്പാദന കേന്ദ്രം സന്ദർശിച്ചശേഷം ഫിഷറീസ്, ജലസേചനം, ഹാർബർ എൻജിനീയറിങ്, കെഎസ്ഇബി എന്നീ വിവിധ വകുപ്പ് അധികൃതരുമായി നടത്തിയ ചർച്ചയിലാണ് കലക്ടർ ഇക്കാര്യം ആവശ്യപ്പെട്ടത്.
ഉത്തരകേരളത്തിലെ മൊത്തം മത്സ്യകർഷകർക്ക് വളരെയേറെ ഉപകാരപ്രദമാകുന്ന ഹാച്ചറി നിർമ്മാണം വേഗത്തിലാക്കണമെന്നും ഇതുസംബന്ധിച്ച് വിവിധ വകുപ്പുകൾ മികച്ച ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു. മത്സ്യ വിത്തുൽപ്പാദന കേന്ദ്രത്തിന്റെ രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായി മൂന്നുമാസം മുമ്പ് ആരംഭിച്ച പദ്ധതിയുടെ അടങ്കൽ തുക 19.81 കോടി രൂപയാണ്.
ഹാച്ചറി സജ്ജമായാൽ ഒരു വർഷം ഇവിടെ നിന്നും 60 ലക്ഷം തിലാപ്പിയ കുഞ്ഞുങ്ങളെ
മത്സ്യ കർഷകർക്ക് നൽകാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിൽ ഉത്തരകേരളത്തിലെ മുഴുവൻ മത്സ്യ കർഷകരും ഉൾപ്പെടും.
ഇതോടെ ഉത്തരകേരളത്തിലെ മത്സ്യ ഉൽപാദനം വർഷം 2400 ടൺ വർധിക്കുമെന്നും ഈ ഇനത്തിൽ കർഷകർക്ക് ഒരു വർഷം 36 കോടി രൂപയുടെ വരുമാനം ഉണ്ടാകുമെന്നുമാണ് കരുതുന്നത്.
യോഗത്തിൽ ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടർ ബി കെ സുധീർ കിഷൻ, ഡെപ്യൂട്ടി ഡയറക്ടർമാരായ പി അനീഷ്, എം ചിത്ര,
ഹാർബർ എൻജിനീയറിങ് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജയദീപ് ടി,
കൊയിലാണ്ടി തഹസിൽദാർ (എൽആർ) സി സുബൈർ,
ഹാർബർ എൻജിനീയറിങ് വകുപ്പ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജിത്തു തുടങ്ങിയവർ സംബന്ധിച്ചു.