ആന്തട്ട ജി. യു. പി. സ്‌കൂളിന്റെ 111-ആം വാര്‍ഷികം ‘ഊഷ്മളം 25’ വിവിധ പരിപാടികളോടെ ജനുവരി 17,18 തീയ്യതികളില്‍

കൊയിലാണ്ടി ആന്തട്ട ജി. യു. പി. സ്‌കൂളിന്റെ 111-ആം വാര്‍ഷികം ഊഷ്മളം`25 ജനുവരി 17,18 തീയ്യതികളില്‍ വിവിധ പരിപാടികളോട് കൂടി നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു

വാര്‍ഷികത്തിന്റെ മുന്നോടിയായി ജനുവരി 4 നു ജെ. ആര്‍. സി. കേഡറ്റുകള്‍ക്കും അഭിനയതല്പരരായ മറ്റു കുട്ടികള്‍ക്കുമായി ഏകദിന നാടക പാഠശാലയും ജനുവരി 6 നു പോസിറ്റീവ് പേരന്റിങ് എന്ന വിഷയത്തില്‍ പഠനക്ലാസ്സും നടന്നു. ജനുവരി 17 നു പ്രീപ്രൈമറി വിദ്യാര്‍ഥികള്‍ക്കായുള്ള കിഡ്സ്ഫെസ്റ്റ് മുന്‍പ്രധാനാധ്യാപികയും പ്രശസ്ത സാഹിത്യകാരിയുമായ ജാനമ്മ കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മഞ്ജു, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരാവും. തുടര്‍ന്ന് ഉപജില്ലാ, ജില്ലാ വിവിധ മേളകളില്‍ വിജയം നേടിയ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ അനുമോദിക്കും. പിഞ്ചുകുരുന്നുകളുടെ കലാവിരുന്നിന് ശേഷം വിദ്യാലയവും നാടും ഒരുമിക്കുന്ന കരോക്കെ ഗാനമേള ഉണ്ടായിരിക്കും.

ജനുവരി 18 നു രാവിലെ മുതല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങളും തുടര്‍ന്ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്യും. ചെങ്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ അധ്യക്ഷയാവും. പ്രമുഖ ചിന്തകനും പ്രഭാഷകനും എഴുത്തുകാരനുമായ ഡോ. കെ. എം അനില്‍ മുഖ്യഭാഷണം നടത്തും. ഇത്തവണ സ്‌കൂളില്‍ നിന്നും വിരമിക്കുന്ന പി ജയകുമാറിന് അധ്യാപക രക്ഷകര്‍ത്തൃ സമിതിയും ആന്തട്ട പൗരാവലിയും സ്നേഹോഷ്മളമായ യാത്രയയപ്പ് നല്‍കും.

ഈ വര്‍ഷം സമഗ്ര വിദ്യാലയമേള, പുസ്തക സമാഹരണം ലക്ഷ്യമാക്കിയുള്ള പുസ്തകമേള, പുസ്തകപയറ്റ്, വൈജ്ഞാനിക പ്രതിഭ നിര്‍ണയ പരീക്ഷ, തുടങ്ങി ശ്രദ്ധേയമായ ഒട്ടേറെ അക്കാദമിക പരിപാടികള്‍ സ്‌കൂളില്‍ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്.

പത്രസമ്മേളനത്തില്‍ പ്രധാന അധ്യാപകന്‍ അരവിന്ദന്‍ സി., എസ്എസ്ജി ചെയര്‍മാന്‍. എം.കെ. വേലായുധന്‍ മാസ്റ്റര്‍, പിടിഎപ്രസിഡണ്ട് എം.പി. ശ്രീനിവാസന്‍ , PTA വൈസ് പ്രസിഡണ്ട് ദിപീഷ് എം.പി, സ്റ്റാഫ് സെക്രട്ടറി രാജേഷ്. പിടികെ എന്നിവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!