‘സുരക്ഷിത ബാല്യം സുന്ദര ഭവനം’ ബാലാവകാശ സെമിനാര്‍ സംഘടിപ്പിച്ചു

കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ‘സുരക്ഷിത ബാല്യം സുന്ദര ഭവനം’ എന്ന സന്ദേശവുമായി ബാലസൗഹൃദ രക്ഷാകര്‍തൃത്വം എന്ന വിഷയത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. കുടുംബശ്രീ യുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മൂടാടി പഞ്ചായത്ത് ഹാളില്‍ ബാലാവകാശ കമ്മീഷന്‍ അംഗം ബി മോഹന്‍ കുമാര്‍ നിര്‍വഹിച്ചു.

തദ്ദേശ സ്വയംഭരണം, വനിതാ-ശിശു വികസനം, കുടുംബശ്രീ മിഷന്‍ എന്നിവയുടെ സംയോജിത പ്രവര്‍ത്തനത്തിലൂടെ ബാലസൗഹൃദ രക്ഷാകര്‍തൃത്വം സാധ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് കമ്മീഷന്‍ അംഗം പറഞ്ഞു. കുട്ടികള്‍ക്ക് നേരെയുള്ള ശാരീരിക, മാനസിക, ലൈംഗീക അതിക്രമങ്ങള്‍, ചൂഷണങ്ങള്‍ മുതലായവ തടയുന്നതിനും ആത്മഹത്യ പ്രവണത ഇല്ലാതാക്കുന്നതിനും ലഹരി ഉപയോഗം തടയുന്നതിനും സൈബര്‍സുരക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള ബോധവത്കരണവും പരിശീലനവുമാണ് നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ 160 കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി ജില്ലാതല റിസോഴ്‌സ് പേഴ്‌സണ്‍ പൂള്‍ രൂപീകരിച്ചു. ബാലസൗഹൃദ കേരളം യാഥാര്‍ത്ഥ്യ മാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ കേരളത്തിലുടനീളം നടത്തിവരുന്ന പ്രചാര പദ്ധതിയാണ് ബാലസൗഹൃദ കേരളം. സംസ്ഥാനതലത്തില്‍ കഴിഞ്ഞ ജനുവരിയില്‍ 150 കുടുംബശ്രീ അംഗങ്ങള്‍ക്ക് കമ്മിഷന്‍ ദ്വിദിന പരിശീലനം നല്‍കിയിരുന്നു. കാസര്‍ഗോഡ് മുതല്‍ ഏഴ് ജില്ലകളില്‍ ഒന്നാംഘട്ട പരിശീലനമാണ് സംഘടിപ്പിച്ചു വരുന്നത്. ഉത്തരവാദിത്ത രക്ഷാകര്‍തൃത്വം, കുട്ടികളുടെ അവകാശങ്ങള്‍, ജീവിത നൈപുണി വിദ്യാഭ്യാസം, കുട്ടികള്‍ നേരിടുന്ന മാനസിക പ്രശ്‌നങ്ങള്‍ എന്നിവയാണ് പരിശീലന വിഷയങ്ങള്‍.

കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി സി കവിത അധ്യക്ഷയായി. മൂടാടി പഞ്ചായത്ത് സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ശ്രീലത, ജില്ലാ ശിശു സംരക്ഷണ മിഷന്‍ ഓഫീസര്‍ കെ ഷൈനി, പഞ്ചായത്ത് മെമ്പര്‍ സെക്രട്ടറി ഗിരീഷ് കുമാര്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ആര്‍ അനഘ തുടങ്ങിയവര്‍ സംസാരിച്ചു. അഡ്വ. അപര്‍ണ, ഇംഹാനസ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അതുല്യ എന്നിവര്‍ പരിശീലന ക്ലാസ് നയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!