സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം അന്താരാഷ്ട്ര നിലവാരത്തിലേക്കുയരും: മുഖ്യമന്ത്രി
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ മികച്ച അടിസ്ഥാന സൗകര്യങ്ങളും അത്യന്താധുനിക പഠന സങ്കേതങ്ങളുമൊരുക്കി അന്തരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കാര്യവട്ടം ക്യാമ്പസില്‍ പുതിയ രണ്ട് ഹോസ്റ്റലുകളുടെയും റീജനറേറ്റീവ് മെഡിസിന് – സ്റ്റെം സെല്‍ ലബോറട്ടറി കെട്ടിടത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കോളേജ് വിദ്യാര്‍ഥികളുമായുള്ള ചര്‍ച്ചയില്‍ നിന്നും ഉന്നതവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന കാഴ്ചപ്പാട് 2016-ല്‍ തന്നെ സര്‍ക്കാരിനുണ്ടായി.
സര്‍വകലാശാലകളില്‍ താമസിച്ച് പഠിക്കാനുള്ള അവസരം സൃഷ്ടിക്കണം, ലൈബ്രറി, ലാബ് സൗകര്യങ്ങള്‍ 24 മണിക്കൂറും ഉപയോഗിക്കാന്‍ സാധിക്കണം എന്നതും വിദ്യാര്‍ഥികളുടെ ആവശ്യമായിരുന്നു. ആ ആശയം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു. സര്‍വ്വകലാശാലകളുടെ റാങ്കിങ് നിലവാരം മെച്ചപ്പെടുത്തുന്നതിന് ഊന്നല്‍ നല്കി.
ആദ്യഘട്ടത്തില്‍ ആദ്യ 100 റാങ്കിലേക്കും തുടര്‍ന്ന് ആദ്യപത്തിലേക്കും എത്തിക്കുകയായിരുന്നു ഉദ്ദേശ്യം. വിസിമാര്‍ സര്‍വകലാശാലകളില്‍ ഇത് പ്രധാന പരിപാടിയായി ഏറ്റെടുത്തു. ഇതില്‍ ഏറ്റവും മികവാര്‍ന്ന വിജയം കേരള സര്‍വകലാശാല നേടി. ഉന്നതവിദ്യാഭ്യാസ മേഖലയെ ശാക്തീകരിച്ച് നമ്മള് നേടിയ നേട്ടങ്ങളെ കൂടുതല്‍ ഉന്നതിയിലെത്തിക്കാന്‍ കഴിയണം.
നാക്കിന്റെ റീ അക്രഡിറ്റേഷനില്‍ 3.67 ഗ്രേഡ് പോയിന്റോടെ എ പ്ലസ് പ്ലസ് നേടിയ ആദ്യത്തെ സംസ്ഥാന സര്‍വ്വകലാശാലയാണ് കേരള സര്‍വ്വകലാശാല. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റാങ്കിംഗ് ഫ്രെയിം വര്‍ക്കില്‍ സംസ്ഥാന സര്‍വ്വകലാശാലാ വിഭാഗത്തില്‍ ഒമ്പതാം സ്ഥാനവും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആഗോള റാങ്കിംഗ് നിശ്ചയിക്കുന്ന സുപ്രധാന സൂചികയായ ക്യു എസ് ഏഷ്യന്‍ റാങ്കിങ്ങില്‍ 339-ാം സ്ഥാനവും ദക്ഷിണേഷ്യയില്‍ 88-ാം സ്ഥാനവും കേരള സര്‍വ്വകലാശാല നേടി.
നേട്ടങ്ങളില്‍ ഊന്നി നിന്നുകൊണ്ട് നാം പുതിയ ചുവടുവയ്പ്പുകള്‍ നടത്തുകയാണ്. അതിന്റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായത്തോടെ വിദ്യാര്‍ഥികള്‍ക്കായുള്ള ഹോസ്റ്റലുകളും റീജെനറേറ്റീവ് മെഡിസിന് ആന്‍ഡ് സ്റ്റെം സെല്‍ ലബോറട്ടറിയും ഇവിടെ ഒരുക്കിയിരിക്കുന്നത്.
സമഗ്രവും സുസ്ഥിരവുമായ വികസനവും ക്ഷേമവും ഉറപ്പാക്കുന്ന തരത്തിലുള്ള ഇടപെടലുകളാണ് നൂറുദിന കര്‍മ്മ പരിപാടിയിലൂടെ സര്‍ക്കാര്‍ സാധ്യമാക്കുന്നത്. ഇത്തവണ നൂറു ദിവസംകൊണ്ട് 47 വകുപ്പുകളിലായി 13,000 കോടിയിലധികം രൂപയുടെ 1,070 പദ്ധതികളാണ് നടപ്പാക്കുന്നത്. ഇവയിലൂടെ 3 ലക്ഷത്തോളം തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ഇതിനോടകം മുപ്പതിനായിരത്തോളം പട്ടയങ്ങള്‍ വിതരണം ചെയ്തു. 30 സ്കൂള്‍ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്യുകയും 12 സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് തറക്കല്ലിടുകയും ചെയ്തു. 456 റേഷന്‍ കടകളെ കെ-സ്റ്റോറുകളാക്കി ഉയര്‍ത്തി. 37 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഉദ്ഘാടനം ചെയ്യപ്പെടാനുണ്ട്. ലൈഫ് മിഷനിലൂടെ നിര്‍മ്മിച്ച 10,000 വീടുകള്‍ കൈമാറാനുണ്ട്. ഇത്തരത്തില്‍ വികസനവും ക്ഷേമവും ഉറപ്പുവരുത്തുന്ന നിരവധി ഇടപെടലുകളാണ് 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നടത്തുന്നത്.
കാര്യവട്ടത്തെ പെണ്‍കുട്ടികളുടെ പുതിയ ഹോസ്റ്റല്‍ 39,554.2 ചതുരശ്ര അടിയും ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ 33,782.4 ചതുരശ്ര അടിയുമാണ്. 23 കോടിയോളം രൂപയാണ് ഇതിന്റെ നിര്‍മ്മാണത്തിനായി ചിലവഴിച്ചത്. 500 ഓളം വിദ്യാര്‍ത്ഥികള്‍ക്കുള്ള താമസ സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഹോസ്റ്റലുകളില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം മുറികള്‍ തയ്യാറാക്കിയിട്ടുണ്ട്.
കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ഹോസ്റ്റലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കഴിഞ്ഞ 8 വര്‍ഷം കൊണ്ട് 90,000 കോടി രൂപയുടെ വികസന പദ്ധതികളാണ് കിഫ്ബി മുഖേന ഏറ്റെടുത്തത്. പതിറ്റാണ്ടുകള്‍ കാത്തിരുന്നാല്‍ പോലും യാഥാര്‍ത്ഥ്യമാകാന്‍ സാധ്യതയില്ലാത്ത പല പദ്ധതികളും പൂര്‍ത്തിയായി. റീജനറേറ്റീവ് മെഡിസിന് ആന്‍ഡ് സ്റ്റെം സെല്‍ സെന്റര്‍ 4.44 കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മിച്ചത്.
വ്യത്യസ്ത മേഖലകളില്‍ മികവിന്റെ കേന്ദ്രങ്ങള്‍ ആരംഭിച്ച് കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ഹബ്ബാക്കി മാറ്റാനാണ് ശ്രമിക്കുന്നത്.
കാര്യവട്ടം ക്യാമ്പസിലെ ലാബിലൂടെ റീജെനറേറ്റീവ് മെഡിസിനുമായി ബന്ധപ്പെട്ട മേഖലകളില്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്താന്‍ കഴിയണം. അതിനായി അക്കാദമിക രംഗത്തു മാത്രമല്ല, കേരളത്തിന്റെ ആരോഗ്യ രംഗത്തിനാകെ സംഭാവന നല്കാന് കഴിയുന്ന നിലയിലേക്ക് ഈ സ്ഥാപനത്തെ വളര്‍ത്തിയെടുക്കുന്നതില്‍ ഏവരും ശ്രദ്ധ ചെലുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു