ജാഗ്രതസമിതികൾ ശക്തിപ്പെടുത്തുന്നതിനായി ഏകദിന പരിശീലനം നൽകും



കോഴിക്കോട്: വാർഡ് തല, ഗ്രാമപഞ്ചായത്ത് തല ജാഗ്രതസമിതികൾ ശക്തിപ്പെടുത്തുന്നതിനായി ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും ജനമൈത്രി ബീറ്റ് ഓഫീസർമാർക്കും കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർമാർക്കും ഏകദിന പരിശീലനം നൽകാൻ ജില്ലാ പഞ്ചായത്തിന്റെ ജില്ലാ ജാഗ്രതസമിതി യോഗം തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശിയുടെ അധ്യക്ഷതയിൽ നടന്ന യോഗം ജില്ലാ ജാഗ്രതസമിതി മുഖേന 7 പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രശ്നപരിഹാര നടപടികൾ സ്വീകരിച്ചു വരുന്നതായി വ്യക്തമാക്കി.
ജൂലൈയിലെ ജാഗ്രതസമിതി റിപ്പോർട്ട് അനുസരിച്ച് വാർഡുതലത്തിൽ 267 ജാഗ്രതസമിതി യോഗങ്ങളും ഗ്രാമപഞ്ചായത്തിൽ 24 യോഗങ്ങളും നടത്തി. ഇതുവരെ വാർഡ് തലത്തിൽ 22 പരാതികളും ഗ്രാമപഞ്ചായത്തിൽ 10 പരാതികളും ലഭിക്കുകയും പരിഹാരം കാണുകയും ചെയ്തു.
ജാഗ്രതസമിതി യോഗത്തിൽ സബ്കലക്ടർ ഹർഷിൽ ആർ മീണ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിഷ പുത്തൻപുരയിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം സി എം യശോദ, ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശാരുതി, ജില്ലാ ജാഗ്രതസമിതി അംഗങ്ങളായ എസ് സബീനാ ബീഗം, ഡോ. എ കെ ലിൻസി, വി പി ഇന്ദിര ടീച്ചർ, അഡ്വ. ശരൺ പ്രേം പോലീസ് ഓഫീസർമാരായ രാജേഷ് പി, ഗിരിജ എൻ എന്നിവർ പങ്കെടുത്തു.
ജൂലായിലെ ഗ്രാമപഞ്ചായത്ത് ജാഗ്രതസമിതി പ്രവർത്തന റിപ്പോർട്ട് കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ പി എ അഞ്ജന അവതരിപ്പിച്ചു.
















