ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെ 10 കുട്ടികളില്‍ താഴെയുള്ള പ്ലസ് വണ്‍ ബാച്ചുകള്‍ റദ്ദാക്കാന്‍ ആലോചിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി
കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെ 10 കുട്ടികളില്‍ താഴെയുള്ള പ്ലസ് വണ്‍ ബാച്ചുകള്‍ റദ്ദാക്കാന്‍ ആലോചിക്കുന്നതായി പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. എന്നാല്‍ ഈ നിര്‍ദേശം നടപ്പിലാക്കിയാല്‍ ചിലര്‍ എതിര്‍പ്പുമായി രംഗത്ത് വരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം. ഇത്തരത്തിലുള്ള ബാച്ചുകള്‍ റദ്ദാക്കി ആവശ്യമുള്ള ഇടങ്ങളില്‍ അധിക ബാച്ചുകള്‍ അനുവദിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയായപ്പോള്‍ പലയിടങ്ങളിലും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. മലബാര്‍ മേഖലയിലടക്കം പ്ലസ് വണ്‍ സീറ്റുകള്‍ കുറവാണെന്ന് ചൂണ്ടിക്കാട്ടി പ്രവേശന നടപടികള്‍ക്ക് മുമ്പ് തന്നെ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു.
ഈ പ്രദേശങ്ങളില്‍ അടക്കം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ് എന്നായിരുന്നു പ്രവേശന നടപടികള്‍ക്ക് ശേഷം പുറത്തു വന്ന കണക്കുകള്‍. ഇതിന് പിന്നാലെയാണ് കുറവ് കുട്ടികളുള്ള ബാച്ചുകള്‍ റദ്ദാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന മന്ത്രിയുടെ പ്രതികരണം.
സെക്കന്‍ഡറി ക്ലാസുകളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് മാസ്റ്റേര്‍സ് ഡിഗ്രിയും യോഗ്യതയായി നിശ്ചയിക്കുമെന്നും മന്ത്രി പറഞ്ഞു. അധ്യാപകര്‍ കാലകാലങ്ങളായി നവീകരിക്കപ്പെടേണ്ടവരാണെന്നും ഖാദര്‍ കമ്മിറ്റി ശുപാര്‍ശയിലെ ഇതു സംബന്ധിച്ച എല്ലാ നിര്‍ദേശങ്ങളും ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നതെന്നും മന്ത്രി വി. ശിവന്‍കുട്ടി കോഴിക്കോട് പറഞ്ഞു.