വിമാന നിരക്ക്; ചൂഷണം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണം, നിരീക്ഷിക്കാൻ ഉന്നതാധികാര സമിതിയെ വെക്കണം
![]()

![]()
ന്യൂഡല്‍ഹി: അവധിക്കാലത്തെ വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്ന് ഷാഫി പറമ്പില്‍ എംപി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. പ്രവാസികളുടെ വിവിധ വിഷയങ്ങള്‍ പഠിക്കാന്‍ ഉന്നതാധികാര സമിതിയെ വെക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ടിക്കറ്റ് നിരക്കിന്റെ കാര്യത്തില്‍ എംപിയുടെ അഭിപ്രായം തന്നെയാണ് തനിക്കെന്നും വിവിധ വിഷയങ്ങള്‍ പഠിക്കാന്‍ സമിതിയെ വെക്കുന്ന കാര്യം പരിഗണിക്കാമെന്നും വ്യോമയാനമന്ത്രി കിഞ്ജരാപു രാംമോഹന്‍ നായിഡു മറുപടി നല്‍കി.
സാധാരണ സമയത്ത് അയ്യായിരമോ ആറായിരമോ കൊടുക്കേണ്ട ടിക്കറ്റിന് അവധിക്കാലത്ത് സ്വന്തം കുടുംബത്തെ കാണാന്‍ വരുമ്പോള്‍ അന്‍പതിനായിരത്തിന് മുകളിലാണ് ഓരോ പ്രവാസിയും നല്‍കേണ്ടി വരുന്നത്. എക്കണോമി ക്ലാസിന് 85,000 വരെ നല്‍കേണ്ടി വരുന്നു. ഇത് ചൂഷണമാണ്. എന്തുവിലകൊടുത്തും തടയേണ്ടതുണ്ട്.
എങ്ങനെയാണ് ഒരു മൂന്നോ നാലോ അംഗങ്ങളുള്ള കുടുംബത്തിന് ഇതു താങ്ങാനാവുകയെന്ന് എം പി ചോദിച്ചു. മാതാപിതാക്കള്‍ മരണപ്പെടുമ്പോള്‍ മക്കള്‍ക്ക് അവരുടെ അനുബന്ധ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ല. ഇത് അങ്ങേയറ്റം ദു:ഖകരമായ സാഹചര്യമാണ്. അവര്‍ അനാഥരല്ല. അവര്‍ക്കായി ചോദിക്കാനും എയര്‍ലൈനുകള്‍ക്കെതിരെ നടപടിയെടുക്കാനും സര്‍ക്കാരിന് സാധിക്കണം. അങ്ങേയറ്റം ചൂഷണമാണ് ഈ മേഖലയില്‍ നടക്കുന്നത്. 1,10,000 കോടി രൂപയാണ് പ്രവാസികള്‍ കേരളത്തിലേക്ക് അയക്കുന്നത്. എന്താണ് നമ്മള്‍ അവര്‍ക്ക് തിരിച്ചു നല്‍കുന്നത്? എന്തുകൊണ്ട് പ്രവാസികളെ കേള്‍ക്കാനും അവരുടെ സാമൂഹിക-സാമ്പത്തിക ആഘാതങ്ങള്‍ പഠിച്ച് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനുമായി ഒരു ഉന്നതാധികാര സമിതിയെ നിയമിച്ചുകൂടായെന്നും ഷാഫി പറമ്പില്‍ ചോദിച്ചു.
ഷാഫി പറമ്പില്‍ ഉന്നയിച്ച വിഷയത്തില്‍ അദ്ദേഹത്തോടൊപ്പം തന്നെയാണെന്ന് വ്യോമയാനമന്ത്രി കിഞ്ജരാപു രാംമോഹന്‍ നായിഡു പറഞ്ഞു. ടിക്കറ്റ് നിരക്ക് കുറയുകയും എല്ലാവര്‍ക്കും സഞ്ചരിക്കാന്‍ സാഹചര്യം ഒരുങ്ങുകയും വേണമെന്നുതന്നെയാണ് ആഗ്രഹം. അതേസമയം ഇക്കാര്യത്തില്‍ സര്‍ക്കാരിന് ചില പരിമിതികളുണ്ട്. ചട്ടങ്ങള്‍ പലതും കമ്പനികള്‍ക്ക് അനുകൂലമാണ്. പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഉന്നതാധികാര സമിതിയെ വെക്കുന്നത് ഉള്‍പ്പെടെ എംപി ഉന്നയിച്ച മുഴുവന്‍ വിഷയങ്ങളും പരിശോധിക്കാമെന്നും മന്ത്രി ഉറപ്പുനല്‍കി.
വിഷയത്തില്‍ തുടര്‍ന്നും ഇടപെടലുകള്‍ നടത്തുമെന്ന് ഷാഫി പറമ്പില്‍ എം പി അറിയിച്ചു.
![]()

![]()

![]()

![]()

![]()

![]()

![]()

