പത്താമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ഫ്രീസ്റ്റൈൽ മത്സരങ്ങൾ തുടങ്ങി

ചക്കിട്ടപാറ: പത്താമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ഫ്രീസ്റ്റൈൽ മത്സരങ്ങൾ ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിൽ കുറ്റ്യാടി പുഴയിലെ മീൻ തുള്ളിപാറയിൽ തുടങ്ങി. ടി പി രാമകൃഷ്ണൻ എംഎൽഎ ഫ്ലാഗ്ഓഫ് ചെയ്തു. പുതിയ തലമുറ സാഹസിക വിനോദസഞ്ചാരത്തിൽ വലിയ താല്പര്യം പ്രകടിപ്പിക്കുന്നതായി എംഎൽഎ പറഞ്ഞു.സാഹസിക വിനോദസഞ്ചാര രംഗത്ത് നമുക്ക് ഏറ്റവും അനുകൂലമായിട്ടുള്ളത് നമ്മുടെ പുഴയാണ്. അതേ സമയം സുരക്ഷാ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ വേണം മത്സരങ്ങളിൽ പങ്കെടുക്കാനെന്ന് എം എൽ എ ഓർമിപ്പിച്ചു.

വിനോദസഞ്ചാര വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിൽ (കെഎടിപിഎസ്), ഡിടിപിസി, ജില്ലാ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് കയാക്കിംഗ് നടത്തുന്നത്. കുറ്റ്യാടി പുഴയിൽ ഏറ്റവും കുത്തൊഴുക്കും ഓളങ്ങൾ ഉള്ളതുമായ പറമ്പലിലെ മീൻ തുള്ളിപ്പാറയാണ് ഫ്രീസ്റ്റൈൽ മത്സരത്തിന് വേദിയായത്.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ പി ബാബു അധ്യക്ഷത വഹിച്ചു. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ സുനിൽ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ്, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഉണ്ണി വേങ്ങേരി, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫ്, കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റ് ചെയർമാൻ എസ് കെ സജീഷ്, കെഎടിപിഎസ് സിഇഒ ബിനു കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്തംഗം ഗിരിജ ശശി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ചിപ്പി മനോജ്, സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷരായ ഇ എം ശ്രീജിത്ത്, സി കെ ശശി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.

ജൂലൈ 28 വരെ നീളുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ ഔപചാരിക ഉദ്ഘാടനം ജൂലൈ 26 ന് രാവിലെ 11.30 ന് പുലിക്കയത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് നിർവഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!