ടി-20 ലോകകപ്പില്‍ ചരിത്രനേട്ടവുമായി ഇന്ത്യ



2024 ടി-20 ലോകകപ്പില്‍ നടന്ന മത്സരത്തില്‍ ഓസ്ട്രേലിയയെ 24 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ വിജയക്കുതിപ്പ് തുടരുകയാണ്. സൂപ്പര്‍ 8ലെ മൂന്ന് മത്സരങ്ങളും വിജയിച്ചതിന് പിന്നാലെ ഇന്ത്യ സെമി ഫൈനലിന് യോഗ്യതയും നേടിക്കഴിഞ്ഞു. ഗ്രൂപ്പ് 1-ല്‍ നിന്നും സെമിയില്‍ പ്രവേശിക്കുന്ന ആദ്യ ടീമാണ് ഇന്ത്യ.
ഗ്രോസ് ഐലറ്റിലെ ഡാരന്‍ സമി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യ ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്ട്രേലിയക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ ടി-20 ചരിത്രത്തില്‍ ഇന്ത്യ ഒരു ഇടിവെട്ട് റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്.
ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിക്കുന്ന ടീമെന്ന റെക്കോഡാണ് ഇന്ത്യയ്ക്ക് നേടാന്‍ സാധിച്ചത്. ശ്രീലങ്കയുടെ റെക്കോഡ് മറികടന്നാണ് രോഹിത്തും സംഘവും ഈ നേട്ടത്തില്‍ എത്തിച്ചേര്‍ന്നത്. ടി-20 ലോകകപ്പില്‍ 50 മത്സരങ്ങളില്‍ നിന്നും 34 വിജയങ്ങളാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതില്‍ 15 മത്സരങ്ങള്‍ക്ക് പരാജയപ്പെട്ടപ്പോള്‍ ഒരു മത്സരം ഫലമില്ലാതെ പോവുകയുമായിരുന്നു. മറുഭാഗത്ത് ശ്രീലങ്ക 51 മത്സരങ്ങളില്‍ ടി-20 ലോകകപ്പില്‍ നിന്നും മൊത്തം 33 വിജയവും 21 തോല്‍വിയുമാണ് നേടിയത്.
ടി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിച്ച ടീം, വിജയിച്ച മത്സരങ്ങളുടെ എണ്ണം എന്നീ ക്രമത്തില്‍
ഇന്ത്യ-34*
ശ്രീലങ്ക-33
ഓസ്ട്രേലിയ-30
സൗത്ത് ആഫ്രിക്ക-30
പാകിസ്ഥാന്‍-30
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റിരുന്നു. രണ്ടാം ഓവറിലെ നാലാം പന്തില്‍ വിരാട് കോഹ്‌ലി പൂജ്യത്തിന് പുറത്തായി. ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് രോഹിത് ശര്‍മയാണ്. സെഞ്ച്വറിക്ക് എട്ട് റണ്‍സകലെ സ്റ്റാര്‍ക്കിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി താരം മടങ്ങുകയായിരുന്നു. 41 പന്തില്‍ 224.39 സ്‌ട്രൈക്ക് റേറ്റില്‍ 92 റണ്‍സാണ് രോഹിത് നേടിയത്. 8 സിക്‌സറുകളും 7 ബൗണ്ടറികളുമാണ് താരം അടിച്ച് കൂട്ടിയത്. കളിയിലെ താരവും രോഹിത്താണ്.
ജൂണ്‍ 27ന് ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. ഗ്രൂപ്പ് 2ല്‍ നിന്നും രണ്ടാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ട് സെമിക്ക് യോഗ്യത നേടിയത്.
ഓസ്ട്രേലിയക്കായി ട്രാവിസ് ഹെഡ് 43 പന്തില്‍ 76 റണ്‍സും ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് 28 പന്തില്‍ 37 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയെങ്കിലും 24 റണ്‍സകലെ വിജയം നഷ്ടമാവുകയായിരുന്നു. ഇന്ത്യന്‍ ബൗളിങ്ങില്‍ അര്‍ഷ്ദീപ് സിങ് മൂന്ന് വിക്കറ്റും കുല്‍ദീപ് യാദവ് രണ്ടു വിക്കറ്റും അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ എന്നിവര്‍ ഒരു വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.












