കോരപ്പുഴയില്‍ മൂന്ന് ഫൈബര്‍ വള്ളങ്ങള്‍ കത്തിനശിച്ചു, തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
എലത്തൂര്‍: കോരപ്പുഴയില്‍ കേളപ്പജി പാലത്തിനടിയില്‍ കെട്ടിയിട്ട ഫൈബര്‍ വള്ളങ്ങള്‍ കത്തിനശിച്ചു. മൂന്ന് ഫൈബര്‍ വള്ളങ്ങള്‍ക്കാണ് തീപിടിച്ചത്. രണ്ട് വള്ളങ്ങള്‍ ഭാഗികമായും ഒന്നിന്റെ മുന്‍ഭാഗം പൂര്‍ണമായി കത്തിനശിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് തീപിടിച്ചത്.
എലത്തൂര്‍ കറവന്റെ പുരയില്‍ ദാസന്റെ ശ്രീശരണ്യ, കുപ്പകളത്തില് വസന്തന്റെ ശ്രീലക്ഷ്മി, പുതിയപുരയില്‍ ഹംസയുടെ ഗോള്‍ഡ് ഫിഷ് എന്നീ വള്ളങ്ങള്‍ക്കാണ് തീപിടിച്ചത്. പുഴയില്‍ മീന്‍പിടിക്കുകയായിരുന്ന തൊഴിലാളികളാണ് തീ അണച്ചത്.
ശരണ്യ വള്ളത്തിത്തില് നിന്നാണ് തീ മറ്റുള്ളവയിലേക്ക് പടര്‍ന്നത്. ഇന്ധനം സൂക്ഷിച്ച ഭാഗത്തേക്ക് തീ എത്തുന്നതിന് മുമ്പ് അണച്ചതിനാല്‍ കൂടുതല്‍ നഷ്ടമൊഴിവായി. ബീച്ചില്‍ നിന്നുള്ള അഗ്നിരക്ഷാ സേനയും എലത്തൂര്‍ പൊലീസും സ്ഥലത്തെത്തി.
വൈദ്യുതോപകരണങ്ങളില്ലാത്ത വള്ളങ്ങള്‍ക്കാണ് തീപിടിച്ചത്. പുഴയുടെ അരിക് ഭിത്തിയോട് ചേര്‍ന്ന് കെട്ടിയിട്ട വള്ളങ്ങളുടെ മുന്‍വശത്താണ് തീപിടിച്ചത്. കരയില്നിന്നല്ല തീ പടര്‍ന്നതെന്നാണ് കരുതുന്നത്. പൊലീസില്‍ പരാതി നല്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.