എഐ ക്യാമറ പദ്ധതിയില്‍ മുടക്കിയ പണം തിരിച്ചുകിട്ടാന്‍ കേസുമായി കെല്‍ട്രോണ്‍

തിരുവനന്തപുരം: എ.ഐ ക്യാമറകള്‍ 50 ലക്ഷം നിയമലംഘനങ്ങള്‍ കണ്ടെത്തി ലക്ഷക്കണക്കിന് രൂപ പിഴയിനത്തില്‍ സര്‍ക്കാരിന് കിട്ടിയെങ്കിലും ക്യാമറ സ്ഥാപിച്ച കെല്‍ട്രോണിന് പണം നല്‍കുന്നില്ലന്നും ക്യാമറ സ്ഥാപിച്ച ഇനത്തില്‍ കിട്ടാനുള്ള തുകയുടെ മൂന്നും നാലും ഗഡുക്കള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെല്‍ട്രോണ്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

കെല്‍ട്രോണിന്റെ കേസ് പരിഗണിച്ച് ഒന്നും രണ്ടും ഗഡുവായി 11.79 കോടി വീതം നല്‍കാന്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. 5 വര്‍ഷം കൊണ്ട് ജനങ്ങളില്‍ നിന്ന് പെറ്റിയിനത്തില്‍ 424 കോടി പിരിച്ചെടുക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. 236 കോടിരൂപ ചെലവിട്ട് ബില്‍ഡ് ഓണ്‍ ഓപ്പറേറ്റ് ആന്‍ഡ് ട്രാന്‍സ്ഫര്‍ (ബി.ഒ.ഒ.ടി) മാതൃകയിലുള്ള പദ്ധതിക്കാണ് ടെന്‍ഡര്‍ വിളിച്ചത്. പിന്നീട് പണം നല്‍കി നടപ്പാക്കുന്ന രീതിയിലേക്ക് മാറ്റി.

സംസ്ഥാനത്തുടനീളം 726 നിര്‍മ്മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ക്യാമറകള്‍ സ്ഥാപിച്ചതിലെ അഴിമതിയെക്കുറിച്ച് വിജിലന്‍സും അന്വേഷിക്കുന്നുണ്ട്. ഇതുസംബന്ധിച്ച മോട്ടോര്‍ വാഹന വകുപ്പിലെ ഫയലുകള്‍ ശേഖരിച്ച് പരിശോധിച്ചു. സെക്രട്ടറി തലത്തില്‍ അംഗീകരിച്ച് കെല്‍ട്രോണിന് കൈമാറിയ ഫയലുകളില്‍ പിന്നീട് ഇടപെടലുകളുണ്ടായെന്നാണ് കണ്ടെത്തല്‍.

കരുനാഗപ്പള്ളിയിലെ ഇന്ത്യന്‍ ആന്റി കറപ്ഷന്‍ മിഷന്‍ എന്ന സംഘടന നല്‍കിയ പരാതിയില്‍ വിജിലന്‍സ് പ്രാഥമിക പരിശോധന നടത്തി പരാതിയില്‍ കഴമ്പുണ്ടെന്നും അന്വേഷിക്കേണ്ടതാണെന്നും കണ്ടെത്തിയാണ് സര്‍ക്കാരിന്റെ അനുമതി തേടിയത്. ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായിരുന്ന രാജീവ് പുത്തലത്ത്, അക്കൗണ്ടന്റ് രാജേഷ് എന്നിവര്‍ക്കെതിരെയാണ് പരാതിയെങ്കിലും മുഴുവന്‍ ഇടപാടുകളും അന്വേഷിക്കുന്നുണ്ട്.

ഗുണമേന്മ കുറഞ്ഞ കാമറകള്‍ വന്‍വിലയ്ക്ക് വാങ്ങി, ടെന്‍ഡറിലടക്കം തിരിമറി നടത്തി, ഉയര്‍ന്ന തുകയ്ക്ക് മോട്ടോര്‍ വാഹനവകുപ്പിനായി വൈദ്യുതി വാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത് കാറുകള്‍ വാങ്ങുന്നതിലധികം തുക വാടകയായി നല്‍കി, കമ്പ്യൂട്ടറുകളും ലാപ്‌ടോപ്പുകളും ഉയര്‍ന്ന നിരക്കില്‍ വാങ്ങിക്കൂട്ടി, വന്‍വിലയ്ക്ക് സെര്‍വറുകള്‍ വാങ്ങി, സ്ഥലംമാറ്റങ്ങളില്‍ കോഴ എന്നിങ്ങനെ അഞ്ച് പരാതികളാണ് ജോയിന്റ് കമ്മിഷണര്‍ക്കെതിരേയുണ്ടായിരുന്നത്. ഇതെല്ലാം അന്വേഷിക്കുന്നുണ്ട്.

സര്‍ക്കാരില്‍ നിന്ന് പണം കിട്ടാത്തതിനാല്‍ പെറ്റി രസീത് അയയ്ക്കുന്നത് കെല്‍ട്രോണ്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഒരുവര്‍ഷത്തേക്ക് 25 ലക്ഷം നോട്ടീസ് വിതരണംചെയ്യാനുള്ള കരാറാണ് കെല്‍ട്രോണിന് നല്‍കിയിരുന്നത്. അച്ചടിയും തപാല്‍ക്കൂലിയും കവറും ഉള്‍പ്പെടെ ഒരു നോട്ടീസിന് 20 രൂപയാണ് പ്രതിഫലം.

ഇ-ചെലാന്‍ വഴി പിഴചുമത്തുമ്പോള്‍ വാഹന ഉടമയുടെ മൊബൈല്‍ നമ്പരില്‍ എസ്.എം.എസ്. അയക്കും. എന്നാല്‍, പലരും ഇത് ശ്രദ്ധിക്കാറില്ല. മൊബൈല്‍ നമ്പര്‍ കൃത്യമല്ലെങ്കില്‍ നോട്ടീസിലൂടെയാണ് വിവരം അറിയുന്നത്. ഇതുവരെ 300 കോടി രൂപയുടെ പിഴയാണ് ചുമത്തിയിട്ടുള്ളത്. ഇതില്‍ 64 കോടിയാണ് ഇതുവരെ അടച്ചിട്ടുള്ളത്. ക്യാമറകള്‍ക്കും കണ്‍ട്രോള്‍ റൂമുകള്‍ക്കുമായി കെല്‍ട്രോണ്‍ 165 കോടി ചെലവിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!