ഭിന്നശേഷിക്കാരായ വോട്ടർമാർക്ക് സഹായമെത്തിക്കാൻ എൻഎസ്എസ് വളണ്ടിയർമാർ, 2230 ബൂത്തുകളിൽ 4460 വളണ്ടിയർമാർ സഹായത്തിന്
കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ പോളിംഗ് ബൂത്തിൽ എത്തുന്ന ഭിന്നശേഷിക്കാരും അവശരുമായ വോട്ടർമാരെ സഹായിക്കുന്നതിനായി ജില്ലയിലെ ഹയർ സെക്കൻ്ററി നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ. ജില്ലയിലെ 2230 പോളിംങ്ങ് ബൂത്തുകളിൽ 4460 വളണ്ടിയർമാരാണ് സഹായത്തിനായി എത്തുന്നത്.
ജില്ലയിലെ 153 എൻ എസ് എസ് യൂണിറ്റുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വളണ്ടിയർമാർക്ക് ജില്ല ഇലക്ഷൻ ട്രെയിനിങ്ങ് ടീം ഞായറാഴ്ച പരിശീലനം നൽകി.
ഉദ്ഘാടനം എഡിഎം കെ അജീഷ് നിർവഹിച്ചു. ജില്ല സാമുഹ്യ നീതി ഓഫീസർ അഞ്ജുമോഹൻ അധ്യക്ഷത വഹിച്ചു.
തെരഞ്ഞെടുപ്പ് ദിവസം രാവിലെ മുതൽ വൈകീട്ട് വരെ നിയോഗിക്കപ്പെട്ട ബൂത്തുകളിൽ വളണ്ടിയർമാർ സേവനം ചെയ്യും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൻ എസ് എസ് വളണ്ടിയർമാർ മികവാർന്ന രീതിയിൽ പ്രവർത്തിച്ചതിനുള്ള അംഗീകാരമായാണ് ഈ പൊതു തെരഞ്ഞെടുപ്പിലും കുട്ടികൾക്ക് സേവനം ചെയ്യാൻ അവസരം നൽകിയത്. ജില്ലാ സാമൂഹ്യനീതി വകുപ്പുമായി ചേർന്നാണ് പ്രവർത്തനം.
സി ആർ സി ഡയറക്ടർ ഡോ റോഷൻ ബിജിലി മുഖ്യ പ്രഭാഷണം നടത്തി. അസി നോഡൽ ഓഫീസർ (ട്രെയിനിങ്ങ് സെൽ) കെ ഷെറീന, ട്രെയിനിങ് കോ ഓർഡിനേറ്റർ പി കെ മുരളീധരൻ, മാസ്റ്റർ ട്രെയിനർ എം ബൈജു എന്നിവർ ക്ലാസിന് നേതൃത്വം നൽകി. എൻ എസ് എസ് ജില്ല കോ ഓർഡിനേറ്റർമാരായ എസ് ശ്രീചിത്ത്, എം കെ ഫൈസൽ, നോഡൽ ഓഫീസർമാരായ സില്ലി ബി കൃഷ്ൺ, മനോജ് കൊളോറ, സുനിത ആർ, പി എം സുമേഷ് എന്നിവർ സംസാരിച്ചു.