സ്ഥാനാർഥിയെക്കുറിച്ച് അറിയാൻ കെവൈസി ആപ്പ്

ലോക്സഭ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന സ്ഥാനാർഥികളെക്കുറിച്ച് കൂടുതൽ അറിയാൻ വോട്ടർമാർക്ക്  കെവൈസി (നോ യുവർ കാൻഡിഡേറ്റ്) ആപ്പ് ഉപയോഗിക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പിൽ സുതാര്യത ഉറപ്പാക്കുക, ജനപ്രതിനിധിയാവാൻ പോകുന്ന വ്യക്തിയെക്കുറിച്ച് ശരിയായ തീരുമാനം എടുക്കാൻ വോട്ടർമാർക്ക് സൗകര്യം ഒരുക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ്  കെവൈസി ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.

തങ്ങളുടെ മണ്ഡലത്തിൽ മൽസരിക്കുന്ന എല്ലാ സ്ഥാനാർഥികളുടെയും ക്രിമിനൽ പശ്ചാത്തലം, ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിന്റെ സ്വഭാവം, കേസിന്റെ നിലവിലെ സ്ഥിതി എന്നിവയൊക്കെ ആപ്പ് വഴി വോട്ടർമാർക്ക് അറിയാനാവും. നാമനിർദേശ പത്രികക്കൊപ്പം സ്ഥാനാർഥി സമർപ്പിച്ച സത്യവാങ്മൂലം ഡൗൺലോഡ് ചെയ്യാനും കഴിയും.

ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ആപ്പ് ലഭ്യമാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്ത ശേഷം ലോക്സഭ തിരഞ്ഞെടുപ്പ് സെലക്ട് ചെയ്ത് മണ്ഡലം നൽകിയാൽ അവിടെ മൽസരിക്കുന്ന മുഴുവൻ സ്ഥാനാർഥികളുടെയും വിവരങ്ങൾ ലഭ്യമാകും. സ്ഥനാർഥികളുടെ പേര് ടൈപ്പ് ചെയ്ത് നൽകിയും തിരച്ചിൽ നടത്താനാവും.

വോട്ടർമാർക്ക് സ്ഥാനാർഥിയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിയുന്നതോടെ ആ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശരിയായ തീരുമാനം എടുക്കാൻ അവർക്ക് കഴിയുമെന്നും ഇത് വഴി ജനാധിപത്യത്തെ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. രാജ്യത്തെവിടെ മൽസരിക്കുന്ന സ്ഥാനാർഥികളെക്കുറിച്ചും കെവൈസി ആപ്പ് വഴി അറിയാനാവും. ലോക്സഭ തിരഞ്ഞെടുപ്പിൽ ഇതുവരെ എത്ര നാമനിർദേശ പത്രികകൾ സമർപ്പിക്കപ്പെട്ടു, എത്ര സ്ഥാനാർഥികൾ മൽസരിക്കുന്നുണ്ട്, ക്രിമിനൽ പശ്ചാത്തലമുള്ളവർ എത്ര, തള്ളിയ നാമനിർദേശപത്രികകൾ എത്ര തുടങ്ങിയ വിവരങ്ങളും ആപ്പിൽ നിന്ന് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!