സൂക്ഷ്മ പരിശോധനയിൽ വടകര മൂന്നും കോഴിക്കോട് രണ്ടും പത്രികകൾ തള്ളി
ഡമ്മി സ്ഥാനാർഥികൾക്ക് പുറമെ തള്ളിയത് വടകരയിലെ ബി എസ്.പി സ്ഥാനാർഥിയുടെ പത്രിക
കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിലേക്ക് സ്ഥാനാർഥികൾ നൽകിയ നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന വെള്ളിയാഴ്ച പൂർത്തിയായപ്പോൾ ഡമ്മികൾ ഉൾപ്പെടെ അഞ്ചു പേരുടെ പത്രികകൾ തള്ളി.
വടകരയിൽ മൂന്നും കോഴിക്കോട് രണ്ടും പത്രികകളാണ് തള്ളിയത്.
വടകരയിൽ സി.പി.ഐ.എം ഡമ്മി സ്ഥാനാർഥി കെ കെ ലതിക, ബി.ജെ.പി ഡമ്മി സ്ഥാനാർഥി സത്യപ്രകാശ് പി എന്നിവരുടെതും ബി.എസ്.പി സ്ഥാനാർഥി പവിത്രൻ ഇ യുടെയും പത്രികകളാണ് തള്ളിയത്. നിശ്ചിത സമയത്തിനുള്ളിൽ സത്യവാങ്മൂലം നൽകാത്തത് മൂലമാണ് ബി.എസ്.പി സ്ഥാനാർഥിയുടെ പത്രിക തള്ളിയത്.
കോഴിക്കോട് സി.പി.ഐ.എം ഡമ്മി സ്ഥാനാർഥി എ പ്രദീപ്കുമാർ, ബി.ജെ.പി ഡമ്മി സ്ഥാനാർഥി നവ്യ ഹരിദാസ് എന്നിവരുടെ പത്രികകൾ തള്ളി.
ഇതോടെ കോഴിക്കോട് ലോക്സഭ മണ്ഡലത്തിൽ 13 ഉം വടകരയിൽ 11 ഉം സ്ഥാനാർഥികളാണ് നിലവിലുള്ളത്.
കോഴിക്കോട് മണ്ഡലത്തിലെ വരണാധികാരി ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ നേതൃത്വത്തിലാണ് സൂക്ഷ്മ പരിശോധന നടന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പൊതു നിരീക്ഷക ഇഫാത്ത് അറ
സന്നിഹിതയായിരുന്നു.
വടകര മണ്ഡലത്തിലെ വരണാധികാരി എ.ഡി. എം കെ അജീഷിന്റെ നേതൃത്വത്തിലാണ് സൂക്ഷ്മ പരിശോധന നടന്നത്. പൊതു നിരീക്ഷകൻ ഡോ സുമീത് കെ ജാറങ്കൽ സംബന്ധിച്ചു.